play-sharp-fill
നിപ വൈറസിനെതിരെ തെറ്റായ സന്ദേശങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിക്കുന്നുണ്ട് !പക്ഷേ വാസ്തവം ഇതാണ്..

നിപ വൈറസിനെതിരെ തെറ്റായ സന്ദേശങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിക്കുന്നുണ്ട് !പക്ഷേ വാസ്തവം ഇതാണ്..

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: കഴിഞ്ഞ വർഷം നിപ വൈറസ് റിപ്പോർട്ട് ചെയ്തത് മുതൽ തെറ്റായ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ചിക്കൻ കഴിച്ചാൽ നിപ വരും, വാഴയിലയിൽ ഭക്ഷണം കഴിച്ചാൽ നിപ വരും, നിപയുടെ ഉറവിടം കോഴിയാണ്, വവ്വാലുകളുടെ മൂത്രത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കിണറിലെ വെള്ളം കുടിക്കരുത് എന്നിങ്ങനെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള ധാരാളം സന്ദേശങ്ങൾ അന്നുണ്ടായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപയാണെന്ന് സ്ഥിരീകരിച്ചതോടെ, വീണ്ടും അത്തരം സന്ദേശങ്ങൾ ഉണ്ടാകുമെന്ന് അറിയാവുന്നതിനാൽ ആരോഗ്യമന്ത്രി വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കാൻ പ്രത്യേകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ആശങ്ക വേണ്ട, ജാഗ്രതയാണ് വേണ്ടത്. നിപയുമായി ബന്ധപ്പെട്ടുള്ള ചില ചോദ്യങ്ങളുടെ ഉത്തരമിതാ,
നിപ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞാൽ പ്രദേശവാസികളെല്ലാം മാസ്‌ക് ധരിക്കണോ?
പ്രദേശവാസികളെല്ലാം മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല.രോഗിയുമായി അടുത്തിടപഴകുന്നവരും ചികിത്സിക്കുന്നവരുമാണ് മാസ്‌ക് ഉപയോഗിക്കേണ്ടത്. വായുവിലൂടെ പകരുന്ന രോഗമല്ല ഇത്. വൈറസ് ബാധയുള്ള വ്യക്തിയുമായോ അല്ലെങ്കിൽ ജീവിയുമായോ നേരിട്ട് സമ്പർക്കം ഉണ്ടാകുന്നതിലൂടെയാണ് നിപയുടെ വ്യാപനം.
പഴങ്ങളിൽ തൊട്ടാൽ നിപ വരുമോ?
ഇതൊരു തെറ്റായ സന്ദേശമാണ്. നിലത്ത് വീണതോ, പക്ഷികളോ മൃഗങ്ങളോ കടിച്ചതോ ആയ പഴങ്ങൾ കഴിക്കരുത്. അല്ലാത്ത പഴങ്ങൾ തൊലികളഞ്ഞ് ഇഷ്ടംപൊലെ കഴിക്കാം. പനിയുള്ളവർ വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.
എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം.
-കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.
-അണുനാശികാരികളായ ക്ലോറോഹെക്സിഡൈൻ അല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങൾ (ഉദാ. സാവ്ലോൺ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.
– ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
– രോഗിയുമായി ഒരു മീറ്ററെങ്കിലും ദൂരം പാലിക്കുക.
-പനി,തലവേദന,ചുമ,ഛർദി, വയറിളക്കം മസ്തിഷ്‌ക ജ്വരം എന്നിങ്ങനെയുള്ള ലക്ഷണങ്ങളുണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കുക.