
ഫ്ലക്സും ബാനറുകളും നീക്കുന്നതിൽ വീഴ്ച്ച; ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നു ഹൈക്കോടതി
സ്വന്തംലേഖകൻ
കൊച്ചി : പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സും ബാനറുകളും നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, ഫീൽഡ് സ്റ്റാഫുകൾ എന്നിവർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ്മൂലം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഓരോ ജില്ലയിലും അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കുന്നതു സംബന്ധിച്ച് സർവേ നടത്തി ജില്ലാ കളക്ടർമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പ്രിൻസിപ്പൽ സെക്രട്ടറി നടപടികൾ സ്വീകരിക്കേണ്ടതെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ ജില്ലാ കളക്ടർമാർ റിപ്പോർട്ട് നൽകണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു 2018 ജൂലൈ 27നു ഹർജി പരിഗണിച്ചശേഷം 12 ഉത്തരവുകൾ നൽകിയിട്ടുണ്ട്. ഇതു പാലിക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നു. അനധികൃത ബോർഡുകൾ എടുത്തുമാറ്റുന്നുണ്ടെങ്കിലും പുതിയതു പ്രത്യക്ഷപ്പെടുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയാണിതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. പത്താം ക്ലാസിലെ ഫലപ്രഖ്യാപനം വന്നതോടെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മറ്റും കുട്ടികളുടെ ചിത്രങ്ങളുമായി ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചെന്ന് അമിക്കസ് ക്യൂറി കോടതിയിൽ അറിയിച്ചു. കുട്ടികളെ നിയമലംഘനത്തിനു പ്രേരിപ്പിക്കുന്ന നടപടി ശരിയല്ലെന്ന് ഈ ഘട്ടത്തിൽ സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ വടക്കേക്കര പഞ്ചായത്ത്, മരട് നഗരസഭ, ഉദയംപേരൂർ പഞ്ചായത്ത്, കൊച്ചി നഗരസഭ എന്നിവിടങ്ങളിലെ ഫീൽഡ് ഓഫീസർമാരായ അഞ്ചു പേർ നേരിട്ട് ഹാജരായി. എറണാകുളം ജില്ലയിലെ മൂത്തകുന്നം പാലം, ഗോതുരുത്ത് ജംഗ്ഷൻ, അയ്യപ്പൻകാവ്, കൊട്ടാരം ജംഗ്ഷൻ, മാങ്കായി കവല എന്നിവിടങ്ങളിലെ ഫ്ളക്സ് ബോർഡ് നീക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് ഇവർ ഹാജരായത്. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോഴും ഇവർ ഹാജരാകണം. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിക്കു മുന്നിലെ അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാനുള്ള ഹർജിയെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച കേസിലാണ് ഈ നിർദേശം നൽകിയിട്ടുള്ളത്. ഹർജി ജൂലൈ 17ന് വീണ്ടും പരിഗണിക്കും.