പയ്യന്നൂർ : പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ മണിയറ വീട്ടില്‍ കൊച്ചുമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന കാര്‍ത്യായനിയമ്മ (88) ആണ് ബുധനാഴ്ച രാത്രി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 11-ന് ആണ് കാര്‍ത്യായനിയമ്മയുടെ മകള്‍ ലീലയുടെ മകന്‍ റിജു ഇവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേപ്പിച്ചത്.
കാര്‍ത്യായനിയമ്മയെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീണ് പരിക്കേറ്റു എന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. തല ചുമരിലിടിപ്പിക്കുകയും കൈയില്‍ മാരകമായി പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. സംസാരശേഷി നഷ്ടപ്പെട്ട് അര്‍ധബോധാവസ്ഥയിലായ നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ പരിചരിച്ചിരുന്ന ഹോം നഴ്‌സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണി രാമകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു. റിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വത്ത് വീതംവെച്ചച്ചോള്‍ ഇവരുടെ സംരക്ഷണച്ചുമതലയേറ്റെടുത്തത് മകള്‍ ലീലയായിരുന്നു. അതിനാല്‍ കാര്‍ത്യായനിയമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലയ്ക്ക് നല്കി. പിന്നീട് വീട് വാടകയ്ക്ക് നല്കി, ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് കാര്‍ത്യായനിയമ്മയെ കൊണ്ടുവരികയായിരുന്നു. പരിചരിക്കാനായി ഹോം നഴ്‌സിനെ ഏര്‍പ്പാടാക്കുകയും ചെയ്തു. റിജുവിന്റെ ഭാര്യ പ്രസവിച്ചശേഷം ഇരട്ടക്കുട്ടികളുമായി ഇവര്‍ വീട്ടിലെത്തിയതോടെ, ഇവരെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിന്റെ പേരില്‍ റിജു ആക്രമിച്ചുവെന്നാണ് കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group