ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്ന് ഒരു മാസമായിട്ടും ഭീകരർ കാണാമറയത്ത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്ന നാല് ഭീകരരിൽ മൂന്ന് പേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം വീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഭീകരരെ അയച്ചവർക്ക് തിരിച്ചടി നൽകിക്കൊണ്ട് രാജ്യത്തുയർന്ന രോഷം കുറച്ചെങ്കിലും തണുപ്പിക്കാൻ കേന്ദ്രത്തിനായി. എന്നാൽ കൂട്ടക്കൊല നടത്തിയ ഭീകരർ ഇനിയും പിടിയിലായിട്ടില്ല. രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്തം ആർക്കെന്ന അന്വേഷണവും തൽക്കാലം എവിടെയും എത്തിയിട്ടില്ല.ജമ്മുകശ്മീരിൽ നിന്ന് കഴിഞ്ഞമാസം 22ന് രണ്ടരയ്ക്ക് ശേഷം ആദ്യം പുറത്തു വന്നത് ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു എന്ന വിവരം ആയിരുന്നു. എന്നാൽ പിന്നീടാണ് ഈ നിഷ്ഠൂര ആക്രമണത്തിൻ്റെ വ്യാപ്തിയും ഭീകരതയും വെളിവാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അര മണിക്കൂർ ഭീകരതയഴിച്ചു വിട്ട ശേഷം കാട്ടിലേക്ക് ഓടി മറഞ്ഞവരുടെ ചിത്രങ്ങളും പേരുവിവരവും പിന്നീട് പുറത്തു വന്നു. ആദ്യം ഉത്തരവാദിത്തം ഏറ്റെടുത്ത ടിആർഎഫ് എന്ന ലഷ്കർ എ തയ്ബ നിയന്ത്രിക്കുന്ന സംഘടന ഒരു ദിവസത്തിൽ നിലപാട് മാറ്റി.ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം ഇവിടുത്തെ ജനത മെല്ലെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുകയായിരുന്നു.പഹൽഗാമിൽ സ്ത്രീകളുടെ സിന്ദൂരം മാഞ്ഞതിനും 26 പേരുടെ ശരീരത്തിൽ നിന്ന് ചിന്തിയ രക്തത്തിനും ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേനകൾ ഭീകരർ സങ്കല്പിക്കാത്ത മറുപടിയാണ് നല്കിയത്. പിന്നീട് സേന നടത്തിയ ഓപ്പറേഷനിൽ പഹൽഗാമിലെ കൂട്ടക്കൊലയ്ക്ക് സഹായം നല്കിയ ഒരാളുൾപ്പടെ ആറ് ഭീകരരെ വകവരുത്തി. എന്നാൽ പഹൽഗാമിലെ കൂട്ടക്കൊലയിൽ നേരിട്ട് പങ്കെടുത്തവർ ഇപ്പോഴും കശ്മീരിലെ കാടുകളിൽ ഒളിച്ചിരിക്കുകയാണ്.