മലപ്പുറം :കൂരിയാട് തകർന്ന ദേശീയപാത റോഡ് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ സന്ദർശിച്ചു.
അപകടം സംബന്ധിച്ച് മൂന്ന് അംഗ സമിതി പരിശോധന നടത്തും. സമ്മർദത്തെ തുടർന്ന് വയൽ പ്രദേശത്തെ മണ്ണ് നീങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രോജക്‌ട് ഡയറക്ടർ അൺസുൽ ശർമ പറഞ്ഞു.
സംഭവത്തിൽ മലപ്പുറം ജില്ലാ കലക്‌ടർ വി.ആർ വിനോദ് സംഭവ സ്ഥലം സന്ദർശിക്കും. വിദഗ്ദ്‌ധ സംഘം നാളെ എത്തുമെന്നും ഇവരുടെ റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി ഉണ്ടാകുമെന്നും കലക്ടർ അറിയിച്ചു. ഇനി ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകില്ലെന്ന് എൻഎച്ച്എഐ ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഉച്ചയോടെയാണ് കൂരിയാട് ഓവർപാസിൽ മതിൽ തകർന്ന് സർവീസ് റോഡിലേക്ക് വീണത്. കല്ലുകൾ വീണ് മൂന്ന് വാഹനങ്ങൾക്ക് കേടുപറ്റി. യാത്രക്കാർ അത്ഭുതരകമായാണ് രക്ഷപ്പെട്ടത്. ദേശീയ പാത നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്നാരോപിച്ച് നാട്ടുകാർ റോഡുപരോധിച്ചിരുന്നു.
ജില്ലാ കലക്ടർ സ്ഥലത്ത് എത്തുമെന്ന് തഹസിൽദാർ നൽകിയ ഉറപ്പിന്മേലായിരുന്നു നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തെ തുടർന്ന് കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. വാഹനങ്ങൾ വികെ പടിയിൽ നിന്നും മമ്പുറം-കക്കാട് റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു