തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയില്‍ എസ് ഐയ്ക്ക് സസ്‌പെൻഷൻ.
പേരൂർക്കട എസ് ഐ പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായോയെന്നതില്‍ വിശദമായ അന്വേഷണ റിപ്പോർട്ട് വൈകുന്നേരത്തിനുള്ളില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിക്കും. ഇതിനുശേഷമായിരിക്കും തുടർനടപടികള്‍ ഉണ്ടാവുകയെന്നാണ് വിവരം.
പനവൂർ ഇരുമരം സ്വദേശിനി ബിന്ദുവിനാണ് (36) പൊലീസിന്റെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായത്. സംഭവത്തില്‍ കമ്മിഷണർക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ റിപ്പോർട്ട് നല്‍കിയതിനെത്തുടർന്നാണ് പേരൂർക്കട എസ് ഐയ്ക്ക് എതിരെ നടപടി സ്വീകരിച്ചത്. റിപ്പോർട്ടില്‍ വലിയ ഗുരുതര വീഴ്‌ചകളാണ് പൊലീസിനെതിരെ ചൂണ്ടിക്കാട്ടുന്നത്. പരാതി ലഭിക്കുമ്ബോള്‍ ചെയ്യേണ്ട പ്രാഥമിക നടപടികള്‍ പോലും പൊലീസ് ചെയ്തില്ല. കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്‌ചയുണ്ടായെന്നും റിപ്പോർട്ടില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, എസ് ഐയ്ക്ക് സസ്‌പെൻഷൻ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിന്ദു പറഞ്ഞു. തന്നോട് ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് പ്രസന്നൻ ആണ്. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്‌റൂമില്‍ പോയി കുടിക്കാൻ പറഞ്ഞു. രാത്രി മുഴുവൻ ചോദ്യം ചെയ്തിട്ടും കുടിക്കാൻ വെള്ളം പോലും തന്നില്ല. പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ നിറവും ജാതിയുമാണ് പീഡനത്തിന് കാരണമെന്നും ബിന്ദു പ്രതികരിച്ചു
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പൊലീസ് തന്നെ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. മേയ് 13-ാം തീയതി വൈകുന്നേരം മൂന്നുമണിക്കാണ് ബിന്ദുവിനെ പേരൂർക്കട പൊലീസ് മോഷണക്കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതിയെ പറഞ്ഞുവിട്ടത്. ജോലിക്കുപോയ വീട്ടില്‍ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. മൂന്ന് ദിവസം മുൻപാണ് ബിന്ദു അവിടെ ജോലിക്ക് എത്തിയത്.
വീട്ടുടമസ്ഥയുടെ പരാതിയെ തുടർന്ന് താൻ ക്രൂരമായ മാനസിക പീഡനം അനുഭവിച്ചെന്നും ബിന്ദു പറഞ്ഞു. ‘പൊലീസിനോട് നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല. രാത്രിയായിട്ടും പൊലീസ് സ്റ്റേഷനിലാണ് എന്ന വിവരം വീട്ടുകാരെ അറിയിക്കാനും സമ്മതിച്ചില്ല. രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പൊലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളം പോലും നല്‍കിയില്ല.
എന്നാല്‍, ആ വീട്ടില്‍ നിന്നുതന്നെ നഷ്ടപ്പെട്ടെന്ന് കരുതിയ മാല കണ്ടെത്തിയിരുന്നു. ഉടമസ്ഥ പിറ്റേന്ന് പൊലീസ് സ്റ്റേഷനില്‍ എത്തി മാല കിട്ടിയെന്നറിയിച്ചു. താൻ മോഷ്ടിച്ചില്ലെന്ന് മനസിലായിട്ടും പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം നിർത്തിയതിനുശേഷമാണ് ഫോണ്‍ തിരികെ നല്‍കിയതും വീട്ടിലേക്ക് പോകാൻ അനുവദിച്ചതും’- എന്നാണ് ബിന്ദു മധ്യമങ്ങളോട് പറഞ്ഞത്.