തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പിന്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വാട്സ്ആപ്പ് വഴി, നിങ്ങളുടെ വാഹനം നിയമം ലംഘിച്ചെന്നും ഉടൻ പിഴ അടയ്ക്കണമെന്നും സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പുകാർ അയക്കുന്ന സന്ദേശം മോട്ടോർ വാഹന വകുപ്പിന്റേതിന് സമാനമായ ചെലാൻ തന്നെയാണ് അതുകൊണ്ടുതന്നെ ആളുകൾക്ക് ഇതിൽ പെട്ടെന്ന് സംശയം തോന്നുന്നില്ല. അമിതവേഗം, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തുന്നതെന്നാണ് ഇതിൽ കാരണമായി കാണിക്കുന്നത്.
കൂടാതെ സന്ദേശത്തിന് ഒപ്പം ഒരു ലിങ്ക് ഉണ്ടായിരിക്കും. അതിൽ, കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. ഒപ്പമുള്ള എപികെ ഫയൽ ക്ലിക്ക് ചെയ്‌താൽ ഫോണിൽ വ്യാജ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യപ്പെടും. അതോടൊപ്പം രണ്ട് തവണ ‘ഒകെ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെ ചെയ്തതാൽ തട്ടിപ്പുകാർ ഉപഭോക്താവിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യാൻ ഇടയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി തട്ടിപ്പുകാർ റിമോട്ട് ആക്‌സസ് സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ ഫോണിൽ ലോഗിൻ ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവയിലേക്കുള്ള പ്രവേശനം ഇവർക്കു ലഭിക്കുകയും അക്കൗണ്ടുകളിൽ നിന്ന് പണമെടുത്ത് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു.
പരിവഹൻ വെബ്സൈറ്റിന്റെ പേരിൽ നടക്കുന്ന ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മോട്ടോർ വാഹനവകുപ്പിനും പൊലീസിനും ലഭിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ചെന്നുപ്പെടാതെ ജാഗ്രത വേണമെന്ന് സൈബർ പൊലീസ് അറിയിച്ചു.
നിർദ്ദേശങ്ങൾ
പിഴ അടയ്ക്കൽ മെസേജുകൾ എം പരിവാഹൻ ആപ്പിൻ്റെ പേരിൽ അയക്കാറില്ല. ഇത്തരത്തിലുള്ള സന്ദേശങ്ങൾ വന്നാൽ അത് യഥാർഥമാണോ എന്ന് പരിശോധിക്കണം.
നിങ്ങളുടെ വാട്സാപ്പിലേക്ക് മെസേജുകൾ വന്നാൽ യഥാർഥ വെബ്സൈറ്റായ https://echallan .parivahan.gov.in പരിശോധിച്ച് ഉറപ്പുവരുത്തണം. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വൈബ് സൈറ്റുകൾ gov.in വഴി ഉറപ്പാക്കണം.
മൊബൈൽ ഫോണിലേക്ക് വരുന്ന എല്ലാ ലിങ്കുകളിലും ക്ലിക്ക് ചെയ്യരുത്. യഥാർഥ ഇ-ചെലാനിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ, എഞ്ചിൻ, ഷാസി നമ്പരുകൾ ഉണ്ടാകും.
നിങ്ങൾ ഓൺലൈൻ സാമ്പത്തികതട്ടിപ്പിന് ഇരയായാൽ ‘1930’ എന്ന നമ്പറിൽ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുന്നത് നിങ്ങൾക്ക് ഏറെ ഗുണം ചെയ്യും. കൂടാതെ cybercrime.gov.in എന്ന വെബ് സൈറ്റിലൂടെയും പരാതിപ്പെടാം