play-sharp-fill
സ്ത്രീകൾക്ക് ഇനി മെട്രോയിലും ബസിലും സൗജന്യ യാത്ര

സ്ത്രീകൾക്ക് ഇനി മെട്രോയിലും ബസിലും സൗജന്യ യാത്ര

സ്വന്തംലേഖകൻ

ഡൽഹി: ഡൽഹിയിൽ സ്ത്രീകൾക്ക് ഇനി മെട്രോയിലും ബസിലും സൗജന്യ യാത്ര നടത്താമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സൗജന്യ യാത്രയുടെ ചിലവുകൾ ആംആദ്മി സർക്കാർ വഹിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ത്രീകൾക്ക് ഡെൽഹിയിൽ സുരക്ഷിതമായ യാത്രാ സംവിധാനമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കെജ്രിവാൾ അറിയിച്ചു. ‘ എല്ലാ ഡിടിസി ബസ്, ക്ലസ്റ്റർ ബസുകൾ, മെട്രോ ട്രെയിനുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. വിലക്കൂടുതൽ കാരണം സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയാതിരുന്ന പൊതുഗതാഗതം അവർക്ക് കൂടി തുറന്നുകൊടുക്കുക എന്ന ഉദ്ദേശിത്തോടെയാണ് പദ്ധതിക്ക് രൂപം കൊടുത്തത്. എന്നാൽ സൗജന്യ യാത്ര എന്നത് ഓപ്ഷനലാണ്. ടിക്കറ്റ് ചിലവ് വഹിക്കാൻ കഴിയുന്നവർ ടിക്കറ്റെടുക്കണമെന്നും ഈ തുക ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ കഴിയാത്തവർക്കായി വിനിയോഗിക്കാമെന്നും കെജ്രിവാൾ പറയുന്നു. എന്നാൽ പദ്ധതി ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. പദ്ധതി സംബന്ധിച്ച് വിശദമായ വിവരങ്ങളും പദ്ധതി എങ്ങനെ പ്രാവർത്തികമാക്കണമെന്നതിനെ കുറിച്ചും റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ‘കേന്ദ്രത്തോട് ആദ്യം ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് പറഞ്ഞു. പക്ഷേ അവരത് സമ്മതിച്ചില്ല. പിന്നീട് 50-50 പാർട്ട്‌നർഷിപ്പ് വെക്കാമെന്ന് പറഞ്ഞു. കൂട്ടിയ വിലയുടെ 50-50 സബ്‌സിഡി നൽകാമെന്ന് പറഞ്ഞു. അതും സമ്മതിച്ചില്ല. അതുകൊണ്ട് ഡെൽഹി സർക്കാർ ഈ ചെലവ് വഹിക്കാൻ തീരുമാനിച്ചു. ഇതിന് സർക്കാരിന് ആരുടേയും അനുമതി ആവശ്യമില്ല’ – കെജ്രിവാൾ പറയുന്നു.