play-sharp-fill
എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

സ്വന്തംലേഖകൻ

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എ.പി അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. വിവാദ പോസ്റ്റിനെ തുടർന്ന് അബ്ദുള്ളകുട്ടിയോട് കെ.പി.സി.സി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ നൽകിയ വിശദീകരണം പരാഹാസരൂപേണെയാണെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.മോദിയെ കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് അബ്ദുള്ളക്കുട്ടിയും നിലപാടെടുത്തിരുന്നു.പാർട്ടിയുടേയും പ്രവർത്തകരുടേയും പൊതുവികാരത്തിനും താൽപര്യങ്ങൾക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവർത്തിച്ചും വരുന്നതാണ് നടപടിക്കു കാരണമെന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കി കൊണ്ടുള്ള കോൺഗ്രസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. പാർട്ടിയുടെ അന്തസിനെയും അച്ചടക്കത്തെയും ബാധിക്കുന്ന തരത്തിൽ മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവന നടത്തുകയും ചെയ്യുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.നരേന്ദ്ര മോദിയുടെ വികസന നയത്തെ പുകഴ്ത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ചുനിൽക്കുന്നതായാണ് മുല്ലപ്പള്ളിയ്ക്ക് എ.പി.അബ്ദുള്ളക്കുട്ടി വിശദീകരണം നൽകിയത്. ആരുടെയും കാലു പിടിച്ചോ ഗ്രൂപ്പുകാരുടെ പെട്ടി തൂക്കിയിട്ടോ അല്ല കണ്ണൂരിലും തലശ്ശേരിയിലും മൽസരിക്കാൻ അവസരം കിട്ടിയത്. ഗുജറാത്ത് വികസന മാതൃക സംബന്ധിച്ച തന്റെ മുൻ പ്രസ്താവന തിരുത്താൻ 2009ലെ കണ്ണൂർ ഉപതിരഞ്ഞെടുപ്പ് സമയത്തു കോൺഗ്രസ് നേതാക്കളിൽനിന്നു സമ്മർദമുണ്ടായിരുന്നു. അന്നും തിരുത്തിയിട്ടില്ല. വൻ ഭൂരിപക്ഷത്തോടെയാണ് ആ തിരഞ്ഞെടുപ്പിൽ ജയിച്ചത്. പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ള നിലപാടാണ് തന്റേതെന്നും മറുപടിയായി അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.