അടൂര്‍: പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയില്‍സിലെ കാഷ്യര്‍ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മര്‍ദിച്ചു കൊന്ന കേസില്‍ 12 വര്‍ഷമായിട്ടും വിചാരണയില്ല.
കേസ് അട്ടിമറിക്കുന്നു എന്നാണ് ബിജു പി ജോസഫിന്റെ കുടുംബത്തിന്റെ പരാതി. ബിജുവിന്റെ സഹോദരന്മാരായ ബാബു എം ജോസഫും, സാബു എം ജോസഫും ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കേസിന്റെ വിചാരണ ഇനി വൈകുന്നത് ഉചിതമാകില്ലെന്നും സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് 2025 മാര്‍ച്ച് 14 ലെ ഉത്തരവില്‍ പറഞ്ഞിരുന്നു.
കോടതി നിര്‍ദ്ദേശപ്രകാരം 2024 നവംബറില്‍ മൂന്നുപേരുടെ പേര് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അഡ്വ. ജോര്‍ജ് കോശി, കൈപ്പട്ടൂര്‍, അഡ്വ.പ്രശാന്ത് വി കുറുപ്പ്, പത്തനംതിട്ട, അഡ്വ.സി.പ്രകാശ്, കൊടുമണ്‍ എന്നിവരെയാണ് നിര്‍ദ്ദേശിച്ചത്. ഈ മൂന്നുപേരില്‍ ഒരാള്‍ക്ക് കൊല്ലപ്പെട്ട കുടുംബവുമായി ബന്ധമുണ്ടെന്നും ഒരേ ഇടവകക്കാരനെന്നും ആരോപണം ഉണ്ടായി. മറ്റൊരാള്‍ക്ക് സിപിഎം ബന്ധമെന്നും ആരോപണം ഉയര്‍ന്നു. ഇതോടെ അഡ്വ. പ്രശാന്ത് വി കുറുപ്പില്‍ വീട്ടുകാര്‍ വിശ്വാസം രേഖപ്പെടുത്തി. ഇതുകണക്കിലെടുത്ത് പ്രശാന്ത് വി കുറുപ്പിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്ന് കാട്ടി ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് റിട്ട് ഹര്‍ജി തീര്‍പ്പാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താമസം വിനാ ഉത്തരവിറക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. കേസ് വീണ്ടും അട്ടിമറിക്കാന്‍ കരിക്കിനേത്ത് സഹോദരന്മാര്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ശ്രമിക്കുകയാണെന്നാണ് ബിജു പി ജോസഫിന്റെ സഹോദരന്മാര്‍ ആരോപിക്കുന്നത്.
2013 ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. രണ്ടുവര്‍ഷത്തോളം കേസ് തേച്ചുമായ്ക്കാനുള്ള ശ്രമമാണ് നടന്നത്. മാധ്യമങ്ങളിൽ നിരവധി വാര്‍ത്തകള്‍ വന്നതോടെയാണ് കേസ് വീണ്ടും ജനശ്രദ്ധയില്‍ വന്നത്. രാഷ്ട്രീയക്കാരെ അടക്കം സ്വാധീനിച്ചതോടെ കേസ് ഒതുക്കാനായിരുന്നു ശ്രമം. പത്രത്തില്‍ ആദ്യം വന്ന വാര്‍ത്ത ജീവനക്കാരന്‍ മരിച്ച നിലയില്‍ കാണപ്പെട്ടു എന്നു മാത്രമായിരുന്നു. ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജുവിന്റെ സഹോദരന്മാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുറ്റാരോപിതരെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ചെന്ന രൂക്ഷ വിമര്‍ശനം ജസ്റ്റിസ് കെമാല്‍ പാഷയുടെ ബഞ്ച് ഉന്നയിച്ചതോടെ കാര്യങ്ങള്‍ ചൂടുപിടിച്ചു. അതോടെ കേസില്‍ പുതിയ അന്വേഷണ സംഘം ചുമതല ഏറ്റെടുക്കുകയും വെറും മരണമല്ല, കൊലപാതകമെന്ന് തെളിയുകയും ചെയ്തു. 2015 ലാണ് കേസ് തെളിഞ്ഞത്. അതിനുശേഷം 10 വര്‍ഷം പിന്നിട്ടിട്ടും കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. ഹൈക്കോടതി ഉത്തരവ് വന്നിട്ടുപോലും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നുവെന്നാണ് ആക്ഷേപം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് ഇങ്ങനെ:
2013 നവംബര്‍ അഞ്ചിന് അര്‍ധരാത്രിയിലാണ് അടൂര്‍ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയില്‍സിലെ കാഷ്യര്‍ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ അതിക്രൂരമായി മര്‍ദിച്ചു കൊന്നത്.
കൊലപാതകക്കേസില്‍ അക്കാലത്ത് തന്നെ സിപിഐഎം നേതാക്കള്‍ അടക്കം പ്രതികള്‍ക്ക് അനുകുലമായ നിലപാട് സ്വീകരിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ നടന്ന ജില്ലാ ഗവ. പ്ലീഡര്‍മാരുടെ നിയമനം പോലും കരിക്കിനേത്തുകാര്‍ക്ക് അനുകൂലമായിട്ടാണെന്ന് വാദം ഉയര്‍ന്നിരുന്നു.
സമാനരീതിയിലാണ് നിഷാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ജീപ്പിടിച്ചു കൊന്നത്. മാധ്യമങ്ങള്‍ ഏറ്റു പിടിച്ച കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിഷാം വിചാരണ കഴിഞ്ഞ് ശിക്ഷിക്കപ്പെട്ട് ജയിലിനുള്ളിലായി. എന്നാല്‍, കരിക്കിനേത്ത് കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ-പൊലിസ്-മാധ്യമ അച്ചുതണ്ട് ഒന്നിച്ചു കുടപിടിക്കുകയായിരുന്നു.
ഹൈക്കോടതിയില്‍, അടക്കം കേസ് ഫയല്‍ ചെയ്തത് സഹോദരന്‍ സാബുവായിരുന്നു. ഇപ്പോഴും സാബുവാണ് ശക്തമായി രംഗത്ത് നില കൊള്ളുന്നത്. പണം നല്‍കിയും പ്രലോഭിപ്പിച്ചും സാബുവിനെയും വലയിലാക്കാന്‍ കരിക്കിനേത്ത് ഉടമകള്‍ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച ശബ്ദരേഖ മുന്‍പ് പുറത്തു വന്നിരുന്നു.
പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്‌റ്റൈല്‍സില്‍ കൗണ്ടറില്‍ നിന്നു കാണാതായ ഒന്നര ലക്ഷം രൂപയെച്ചൊല്ലിയുള്ള ചോദ്യം ചെയ്യലിന് ഒടുവിലാണ് കാഷ്യര്‍ ബിജു കൊല ചെയ്യപ്പെട്ടത്. ബിജു പണം കവര്‍ന്നെന്ന സംശയത്തിലാണു ചോദ്യം ചെയ്യല്‍ നടന്നത്. കുറ്റം സമ്മതിക്കാതിരുന്ന ബിജുവിനെ തുണിക്കടയിലെ പാന്‍ട്രിയില്‍ കൊണ്ടുപോയി തല്ലിയും ചവിട്ടിയും കൊല്ലുകയായിരുന്നു. കരാട്ടെക്കാരനായ താനാണു ബിജുവിനെ മര്‍ദിച്ചതെന്നു പിടിയിലായ ഒന്നാം പ്രതി ജോസ് പൊലീസിനോടു സമ്മതിച്ചിരുന്നു. എന്നാല്‍, മര്‍ദനം തുടക്കമിട്ടതു കടയുടമയും രണ്ടാംപ്രതിയുമായ ജോര്‍ജാണെന്നായിരുന്നു മൊഴി.
സഹോദരന്‍ ജോര്‍ജിന്റെ പത്തനംതിട്ട കോളജ് റോഡിലുള്ള കരിക്കിനേത്ത് ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനത്തിലാണ് കൊല നടന്നത്. ജോസും ജോര്‍ജും, മറ്റുരണ്ടുപേരും അടക്കം നാലുപേരായിരുന്നു കേസിലെ പ്രതികള്‍. രണ്ടാം പ്രതിയായ ജോര്‍ജ് മാനസിക രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് അറസ്റ്റ് ഒഴിവാക്കി. ജോസ് പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
പക്ഷേ ഇപ്പോഴും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.