പുറത്താക്കപ്പെട്ട പാർട്ടി വിമതൻ കുടുംബ സംഗമത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചു: പ്രവർത്തകർ ഇടപെട്ട് പുറത്താക്കി:ഉമ്മൻചാണ്ടി കുടുംബ സംഗമ പരിപാടിയിൽ നാടകിയ രംഗങ്ങൾ

Spread the love

പുതുപ്പള്ളി: നിയോജകമണ്ഡലത്തിന്റെ ഭാഗമായ കൂരോപ്പട മണ്ഡലത്തില്‍ ഉമ്മൻചാണ്ടി കുടുംബ സംഗമ പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് വേദിയില്‍ ഉണ്ടായത് നാടകീയ സംഭവങ്ങള്‍.

വെള്ളെക്കോട് എല്‍ എസ്. കുര്യന്റെ വീട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇവിടേക്ക് ചില പ്രാദേശിക നേതാക്കളുടെ ആശീർവാദത്തോടെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പാർട്ടി സ്ഥാനാർത്ഥികളെ തോല്‍പ്പിക്കുവാൻ സ്ഥിരം വിമതനായി മത്സരിക്കുന്ന വ്യക്തിയുടെ കടന്നുവരവാണ് കോണ്‍ഗ്രസ് പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും പ്രകോപിപ്പിച്ചത്.

സിബിമോൻ തോട്ടപ്പള്ളി ആണ് വിവാദനായകൻ. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാർട്ടി നിർദേശം ലംഘിച്ച്‌ പാമ്ബാടി ബ്ലോക്ക് പഞ്ചായത്തിലെ കൂരോപ്പട ഡിവിഷനില്‍ നിന്ന് ഇയാള്‍ മത്സരിച്ചത് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയുടെ പരാജയം ഉറപ്പാക്കാനായിരുന്നു.

നൂറു വോട്ടുകള്‍ക്ക് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച പാർട്ടി സ്ഥാനാർത്ഥി പരാജയപ്പെട്ടതിന്റെ ഏക കാരണം ഇയാള്‍ നേടിയ 500 വോട്ടുകളാണ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാമ്പാടി പഞ്ചായത്തിലും ഇയാള്‍ വിമതനായി മത്സരിച്ചിരുന്നു. 2020ല്‍ വിമതനായതിനെ തുടർന്ന് പാർട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഇയാള്‍ ചില പ്രാദേശിക നേതാക്കളുടെ ആശീർവാദത്തോടും പിന്തുണയോടും കൂടിയാണ് പാർട്ടി വേദിയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.

പാർട്ടിയുടെ പരാജയം ഉറപ്പാക്കുന്നതിനായി ഒരു പതിറ്റാണ്ടു കാലമായി പ്രവർത്തിക്കുന്ന ഇയാളുടെ സാന്നിധ്യം പ്രവർത്തകരെ പ്രകോപിപ്പിച്ചു. ഇയാളെ ഇറക്കി വിടുന്നില്ല എങ്കില്‍ പരിപാടി നടക്കുന്ന വീടിന്റെ ഫ്യൂസ് ഊരും എന്ന കടുത്ത നിലപാട് പോലും പ്രവർത്തകർ സ്വീകരിച്ചു.

കാര്യങ്ങള്‍ കൈവിട്ടു പോകും എന്ന് മനസ്സിലാക്കി ഡിസിസി മുൻ പ്രസിഡണ്ടായ ജോഷി ഫിലിപ്പ് നടത്തിയ സമയോചിതമായ ഇടപെടലാണ് സംഘർഷം ഒഴിവാക്കിയത്. ഇയാളോട് സദസ്സ് വിട്ടു പോകുവാൻ ജോഷി ഫിലിപ്പ് കർശന നിർദ്ദേശം നല്‍കുകയും ഇയാള്‍ തടി കേടാവാതിരിക്കാൻ സ്ഥലം കാലിയാക്കുകയും ചെയ്തു. 2020ല്‍ വിമത പ്രവർത്തനം നടത്തിയതിന് ഇയാളെ പുറത്താക്കിയത് അന്ന് ഡിസിസി പ്രസിഡണ്ടായിരുന്നു ജോഷി ഫിലിപ്പ് തന്നെയാണ്.