play-sharp-fill
കുട്ടികളുടെ അവകാശസംരക്ഷണം; ആദ്യപാഠം വീടുകളില്‍ നിന്ന് ആരംഭിക്കണം

കുട്ടികളുടെ അവകാശസംരക്ഷണം; ആദ്യപാഠം വീടുകളില്‍ നിന്ന് ആരംഭിക്കണം

സ്വന്തംലേഖകൻ

കോട്ടയം : കുട്ടികളുടെ അവകാശ സംരക്ഷണത്തിനുളള ആദ്യപാഠം ആരംഭിക്കേണ്ടത് വീടുകളില്‍ നിന്നാണെന്നും അതിനുള്ള അറിവും പ്രായോഗിക പരിജ്ഞാനവും മാതാപിതാക്കള്‍ ആര്‍ജ്ജിക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി പറഞ്ഞു.  വനിതാ ശിശു വികസന വകുപ്പിന്‍റെ കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളോടൊപ്പം സമയം ചിലവഴിക്കാനും അവരില്‍ മികച്ച  ദിശാബോധം വളര്‍ത്താനും മാതാപിതാക്കള്‍ക്ക് കഴിയണം. അവരുടെ തെറ്റുകള്‍ സ്നേഹത്തോടെ ചൂണ്ടികാണിച്ച് തിരുത്തുകയും സാമൂഹ്യബോധമുളളവരാക്കി വളര്‍ത്തേണ്ടതും മാതാപിതാക്കളുടെ  ഉത്തരവാദിത്തമാണെന്നും  അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ് അദ്ധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അദ്ധ്യക്ഷ അഡ്വ.ഷീജ എസ് രാജു മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലിസമ്മ ബേബി, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ജില്ലാ വനിത-ശിശു വികസന ഓഫീസര്‍ പി.എന്‍ ശ്രീദേവി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ബിനോയ് വി.ജെ, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടിന്‍റു ടോംസ് കെ. തുടങ്ങിയവര്‍ സംസാരിച്ചു.
കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച്  എസ്.ആര്‍ രാജീവ്, ഉത്തരവാദിത്ത രക്ഷാകര്‍തൃത്വം സംബന്ധിച്ച് കോട്ടയം ഗവണ്‍മെന്‍റ് നേഴ്സിംഗ് കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. സിസി ജോസ്, കുട്ടികളില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച്  സൈബര്‍ കണ്‍സള്‍ട്ടന്‍റ് റ്റി. എസ് അരുണ്‍  എന്നിവര്‍ ക്ലാസെടുത്തു.