
കോട്ടയം: കോട്ടയം അയർക്കുന്നത്ത് പെൺമക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.
മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെയും ഭർതൃപിതാവ് ജോസഫിന്റെയും ജാമ്യമാണ് തള്ളിയത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി. മുൻപ് ഏറ്റുമാനൂർ മാജിസ്‌ട്രേറ്റ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കിട്ടിയതോടെയാണ് ജിസ്മോളുടെ ഭര്‍ത്താവും നീറിക്കാട് സ്വദേശി ജിമ്മിയെയും അച്ഛൻ ജോസഫിനെയും ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്. ഹൈക്കോടതി അഭിഭാഷകയായ ജിസ്മോളെ ശാരീരികവും മാനസികവുമായി ഭർതൃ വീട്ടുകാർ പീഡിപ്പിച്ചിരുന്നെന്നായിരുന്നു കുടുംബം പൊലീസിന് നൽകിയ പരാതി.
നിറത്തിന്റെയും സ്ത്രീധനത്തിൻ്റെയും പേരിൽ നിരന്തരം അപമാനിക്കപ്പെട്ടു. ആത്മഹത്യക്ക് തൊട്ടുമുമ്പ്, ഏപ്രിൽ 14ന് രാത്രിയുണ്ടായ തർക്കങ്ങളും മാനസിക സമ്മർദ്ദത്തിലായിരുന്ന ജിസ്മോളുടെ ആത്മഹത്യക്ക് പ്രേരണയായെന്നും പൊലീസ് കണ്ടെത്തി.
ജിസ്മോളുടെയും ജിമ്മിയുടെയും ജോസഫിന്റെയും ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം കൂടി പുറത്തുവന്നതോടെ തെളിവുകൾ ശക്തമായി. മാനസിക പീഡനം വെളിവാക്കുന്ന ശബ്ദ സന്ദേശങ്ങൾ പൊലീസിന് കിട്ടിയെന്നാണ് വിവരം.
കൂട്ട ആത്മഹത്യക്ക് പിന്നാലെ ജിസ്മോളുടെ കുടുംബം കോട്ടയം എസ് പിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. കേസില്‍ നടപടി വൈകുന്നെന്നാരോപിച്ച് നാട്ടുകാരും പ്രതിഷേധ സമരം നടത്തിയിരുന്നു. തൊട്ടുപുറകെ, മുഖ്യമന്ത്രിക്കും ജിസ്മോളുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് നടപടി.
പ്രതികളെ വ്യാഴാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഈ മാസം 15 നായിരുന്നു ഹൈക്കോടതി അഭിഭാഷകയായ ജിസ്‌മോൾ അഞ്ച് വയസുകാരി നേഹക്കും രണ്ട് വയസുകാരി നോറക്കുമൊപ്പം പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.