
17കാരികൾ ബാറിലെത്തിയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾക്കൊപ്പം ; കഴക്കൂട്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യം നൽകി ഉപദ്രവിച്ച കേസിൽ വിശദ അന്വേഷണം ; സംഭവവുമായി ബന്ധപ്പെട്ട് 3 പ്രതികളെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യം നൽകി ഉപദ്രവിച്ച കേസിൽ അന്വേഷണത്തിന് എക്സൈസ്.
കഴക്കൂട്ടം ടെക്നോപാർക്കിനു സമീപത്തെ ബാറിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് 17 വയസ്സിൽ താഴെയുള്ള രണ്ട് വിദ്യാർത്ഥിനികൾ ബാറിലെത്തിയത്.
ബാറിൽ ഏറെ നേരം ചെലവഴിച്ച ഇവർക്ക് ബിൽ കൊടുക്കാനുള്ള തുക കൈയ്യിലുണ്ടായില്ല. തുടർന്ന് മറ്റൊരു സുഹൃത്തിനെ ഇവർ വിളിച്ചുവരുത്തി പണം നൽകി. ഇതിനിടെ അമിതമായി മദ്യം ഉള്ളിൽച്ചെന്ന് കുഴഞ്ഞുവീണ പെൺകുട്ടികളിൽ ഒരാളെ കൊണ്ടുപോകുന്ന വഴിയിൽ ഉപദ്രവിച്ചെന്നാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ നെടുങ്കാട് സ്വദേശി അഭിലാഷ് (24), കണ്ണാന്തുറ സ്വദേശി അബിൻ(18), ബീമാപള്ളി സ്വദേശി ഫൈസൽ ഖാൻ (38) എന്നിവരെ തുമ്പ പൊലീസ് അറസ്റ്റു ചെയ്ത‌് റിമാൻഡിലാക്കിയിരുന്നെന്ന് തുമ്പ പൊലീസ് ഇൻസ്‍പെക്ടർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ബാറിൽ പ്രവേശനം നൽകിയത് ഉൾപ്പെടെള്ള കാര്യങ്ങളിൽ എക്സൈസ് കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.