
ലഹരികേസിൽ നടപടി കടുപ്പിച്ച് പൊലീസ് ; അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിന്റെ തലവനായ മലപ്പുറം സ്വദേശിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
മലപ്പുറം : അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനായ മലയാളിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി പോലീസ്.
മലപ്പുറം അരീക്കോട് പൂവത്തിക്കല്‍ സ്വദേശി അറബി അസീസ് എന്ന പൂളക്ക ചാലില്‍ അസീസിന്റെ സ്വത്തുക്കളാണ് അധികൃതർ കണ്ട് കെട്ടിയത്. നടപടികളുടെ ഭാഗമായി അസീസിന്റെ ഭാര്യയുടെ പേരില്‍ പുതുതായി പണിത ഗൃഹപ്രവേശത്തിന് തയ്യാറായ 75 ലക്ഷം വില വരുന്ന വീടും പൂവത്തിക്കലില്‍ ഉള്ള 15 ലക്ഷത്തോളം വിലവരുന്ന ഏഴരസെന്റ് സ്ഥലം എന്നിവയും കണ്ടുകെട്ടി.
അസീസിന്റെ ഭാര്യയുടേയും മകളുടേയും പേരില്‍ തൃക്കലങ്ങോട് കനറാ ബാങ്ക് ശാഖയിലുള്ള ലക്ഷങ്ങള്‍ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മഗ്‌ളേഴ്‌സ് ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് അസീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ ബെംഗളൂരില്‍ നിന്ന് എത്തിച്ച എംഡിഎംഎ വില്‍പന നടത്താൻ ശ്രമിച്ച വേളയിലായിരുന്നു പിടിയിലായത്. ഈ വര്‍ഷം മാര്‍ച്ചിലാണ് അരീക്കോട് തേക്കിന്‍ചുവടുവെച്ച് 196.96 ഗ്രാം എംഡിഎംഎയുമായി അസീസിനേയും കൂട്ടാളി എടവണ്ണ സ്വദേശി കൈപ്പഞ്ചേരി റിയാസ് ബാബുവിനേയും ഡാന്‍സാഫ് സംഘവും അരീക്കോട് പോലീസും ചേര്‍ന്ന് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് അരീക്കോട് ഇന്‍സ്പക്ടര്‍ സിജിത്ത് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അസീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങിയത്.