
ഇടഞ്ഞു നിന്ന സുധാകരനെ ഒറ്റ രാത്രി കൊണ്ട് മെരുക്കിയത് എ ഐ സി സി തന്ത്രം: സണ്ണി ജോസഫ് വഴി ക്രിസ്ത്യൻ സഭാ നേതൃത്വത്തെ സന്തോഷിപ്പിക്കുക ലക്ഷ്യം: അടൂർ പ്രകാശിന്റെ നിയമനത്തോടെ വെള്ളാപ്പള്ളിയുടെ വായടപ്പിച്ചു
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സണ്ണി ജോസഫും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശിനേയും പരിഗണിച്ചതിന് കാരണങ്ങള്‍ മൂന്നാണ്.
പുനസംഘടനയില്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന പ്രവചനങ്ങളെല്ലാം അസ്ഥാനത്തായത് എഐസിസി നേതൃത്വത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെയായിരുന്നു.
ഹൈക്കമാന്റിനെപോലും വെട്ടിലാക്കിയ കെ സുധാകരനെ മെരുക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് അധ്യക്ഷസ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പരിഗണിക്കാനുള്ള ഒരു കാരണം. കെ സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ സണ്ണി ജോസഫിനെ അധ്യക്ഷപദവിയിലേക്ക് പരിഗണിച്ചാല്‍ കെ സുധാകരന്റെ പിന്തുണലഭിക്കുകയും ചെയ്യും.
ക്രിസ്ത്യന്‍ സഭാനേതൃത്വത്തെ സന്തോഷിപ്പിക്കുകയും ചെയ്യാമെന്ന കണ്ടെത്തലാണ് വിജയകരമായി നടപ്പാക്കിയത്. ഇതോടെ ഇടഞ്ഞുനിന്ന കെ സുധാകരനെ ഒറ്റ ദിവസം കൊണ്ട് മെരുക്കി. സുധാകരനെ എഐസിസി പ്രത്യേകം ക്ഷണിതാവാക്കി. ഇതോടെ അപമാനിച്ച് ഇറക്കിവിട്ടെന്ന ആരോപണത്തിനെയും തടയാന്‍ നേതൃത്വത്തിന് കഴിഞ്ഞു. തന്റെ വിശ്വസ്ഥന്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പിഗാമിയായതോടെ സുധാകരനും ആശ്വാസത്തോടെ കെപിസിസിയുടെ പടിയിറങ്ങാം. ആരോഗ്യ പ്രശ്നങ്ങളാണ് കെ സുധാകരനെ മാറ്റാനുള്ള പ്രധാനകാരണമായി പറയുന്നതെങ്കിലും പ്രതിപക്ഷ നേതാവുമായുള്ള നിരന്തര ഭിന്നതയാണ് മാറ്റത്തിലേക്ക് വഴിവച്ചത്. സാത്വികനായ സണ്ണി ജോസഫ് പ്രതിപക്ഷനേതാവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവായതും സണ്ണി ജോസഫിന് അനുകൂലമായി.
കെ സുധാകരനെ മാറ്റാന്‍ ആറുമാസത്തിലേറെയായി ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ തീരുമാനം വൈകാന്‍ കാരണമായി. കേരളത്തിലെ നേതാക്കളെ ഒറ്റയ്ക്ക് കണ്ട് ചര്‍ച്ചകള്‍ നടത്തിയാണ് എഐസിസി നേതൃത്വം അധ്യക്ഷനെ മാറ്റുന്നതില്‍ അന്തിമതീരുമാനം കൈക്കൊണ്ടത്. എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അധ്യക്ഷനെ മാറ്റാന്‍ ഹൈക്കമാന്റ് തീരുമാനിച്ചെങ്കിലും സുധാകരന്‍ തീരുമാനത്തോട് അനുകൂലിച്ചില്ല. അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷമേ താന്‍ നേതൃത്വത്തില്‍ നിന്നും മാറുകയുള്ളൂവെന്ന തീരുമാനത്തില്‍ സുധാകരന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നെ ഒരു ശക്തിക്കും തൊടാന്‍ കഴിയില്ലെന്ന സുധാകരന്റെ പ്രതികരണം നേതൃത്വത്തെയും വെട്ടിലാക്കുന്നതായിരുന്നു. സുധാകരനെ അനുനയിപ്പിക്കാതെയുള്ളൊരു നേതൃമാറ്റം സംഘടനാപരമായ തിരിച്ചടിക്ക് വഴിവെക്കുമോയെന്ന ഭയം എഐസിസിയെയും ബാധിച്ചു. ഇതോടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നപരിഹാരത്തിനുള്ള വഴിയാലോചിച്ചു. ഒടുവില്‍ പരിഹാരത്തിനുള്ള മാര്‍ഗവും നേതൃത്വം തന്നെ കണ്ടെത്തി.
അവസാനഘട്ടം വരെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയേയായിരുന്നു. എന്നാല്‍, സഭാനേതൃത്വത്തിന് താത്പര്യം സണ്ണി ജോസഫിനോടായിരുന്നു. ഇത് സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ പ്രധാന കാരണമായി. കേരളത്തില്‍ അടുത്തതവണ അധികാരത്തില്‍ എത്തണമെങ്കില്‍ കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുന്ന ക്രിസ്ത്യന്‍ വിഭാഗത്തെ ഒപ്പം നിര്‍ത്തണമെന്ന ചര്‍ച്ചകള്‍ നേരത്തെ കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള നേതാക്കളില്ലെന്ന ചര്‍ച്ച കുറച്ചുകാലമായുണ്ട്. ഇതെല്ലാം സണ്ണി ജോസഫിന്റെ പുതിയ സ്ഥാനലബ്ദിക്ക് വഴിയൊരുങ്ങി.
എല്ലാ കാലത്തും കെ സുധാകരന്റെ വിശ്വസ്ഥനായിരുന്നു അഡ്വ സണ്ണി ജോസഫ്. കെ സുധാകരന്‍ കണ്ണൂരില്‍ ഡിസിസി അധ്യക്ഷനായപ്പോഴും സുധാകരന്‍ കണ്ണൂരില്‍ എംഎല്‍എയാവുകയും മന്ത്രിയാവുകയും ചെയ്തപ്പോള്‍ ഡിസിസി അധ്യക്ഷനായി സുധാകരന്‍ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ വിശ്വസ്ഥന്‍ എന്ന നിലയില്‍ സണ്ണി ജോസഫിനേയായിരുന്നു. ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ പേരാവൂരില്‍ സീറ്റില്‍ സണ്ണി ജോസഫിനെ മത്സരിപ്പിക്കാന്‍ മുന്‍കൈ എടുത്തതും കെ സുധാകരനായിരുന്നു.
ഈഴവ സമുദായാംഗമായ കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നും നീക്കി പകരം ഒരു ക്രൈസ്തവനെ അധ്യക്ഷനായി കൊണ്ടുവരുന്നതിനെതിരെ എസ്‌എന്‍ഡിപി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ഈഴവരെ ഒരു പാര്‍ട്ടിയും പരിഗണിക്കുന്നില്ലെന്നും സുധാകരനെ മാറ്റുന്നത് എന്തിനാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായി ഇന്നുതന്നെ പ്രഖ്യാപിക്കാന്‍ കാരണം.
ഇതോടെ വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. കെപിസിസി അധ്യക്ഷ പദവിയിലെത്താന്‍ അടൂര്‍ പ്രകാശ് നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നു. കൊടിക്കുന്നില്‍ സുരേഷും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. എന്നാല്‍ കൃത്യമായ ലക്ഷ്യത്തോടെ എഐസിസി തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു.