
കാശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങി മലയാളി സഞ്ചാരികള്‍; വിമാനത്താവളങ്ങള്‍ അടച്ചതോടെ നാട്ടിലെത്താന്‍ ബദല്‍ സംവിധാനങ്ങള്‍ തേടി അധികൃതരെ സമീപിച്ച് മലയാളികള്‍: എല്ലാവരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്
കൊച്ചി: കാശ്മീരില്‍ കുടുങ്ങി മലയാളി വിനോദ സഞ്ചാരികള്‍.
യുദ്ധ ഭീതിയുടെ സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി വിനോദ സഞ്ചാരത്തിനു പോയ നിരവധി മലയാളികളാണ് കുടുങ്ങി കിടക്കുന്നത്.
ഇവരെല്ലാം നാട്ടിലെത്താനാവാതെ വിഷമത്തിലാണ്. യുദ്ധ സാഹചര്യത്തില്‍ ശനിയാഴ്ച വരെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ നാട്ടിലെത്താനുള്ള ബദല്‍ ഗതാഗത സംവിധാനങ്ങള്‍ തേടി സഞ്ചാരികള്‍ അധികൃതരെയും ഏജന്‍സികളേയും സമീപിച്ചു.
പഹല്‍ഗാം സംഭവത്തിന് പിന്നാലെ കശ്മീരിലേക്കുള്ള യാത്ര ബുക്കിങ് കൂട്ടത്തോടെ റദ്ദാക്കപ്പെട്ടെങ്കിലും മുന്‍ നിശ്ചയ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര പുറപ്പെട്ടവരാണ് കശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. അതേസമയം, യുദ്ധ ഭീതിയില്‍ യാത്ര ദിനങ്ങള്‍ വെട്ടിക്കുറച്ച് നേരത്തെ തന്നെ നാട്ടിലേക്ക് തിരിച്ചവര്‍ക്ക് പ്രയാസം നേരിടേണ്ടി വന്നിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പാക് ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായതിന് പിന്നാലെ ധര്‍മ്മശാല, ലേ, ജമ്മു, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡീഗണ്ഡ് വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പലരും കശ്മീരില്‍ കുടുങ്ങിയത്.
വിമാനത്താവളങ്ങള്‍ അടച്ചതോടെ സഞ്ചാരികളില്‍ ചിലര്‍ ശ്രീനഗറില്‍ തന്നെ തുടരാനും ചിലര്‍ റോഡ് മാര്‍ഗം മടങ്ങാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍, കശ്മീരില്‍ നിന്ന് ജമ്മുവിലേക്കും മുഗള്‍ റോഡ് വഴിയും പുറപ്പെട്ട പല സഞ്ചാരികളും ജമ്മു, ലേ എന്നിവിടങ്ങളില്‍ കുടുങ്ങി.