play-sharp-fill
വീഴ്ചകൾ എണ്ണിക്കാട്ടിയിട്ടും ഷിബുവിന് ക്ലീൻ സർട്ടിഫിക്കറ്റ്: ഒരേ കുറ്റം ചെയ്ത എ.എസ്.ഐ ബിജുവിനെ കോൺഗ്രസുകാരനാക്കി പിരിച്ചു വിട്ടു; എല്ലാ സ്റ്റേഷനിലും പഴി കേട്ട ഷിബു മാന്യനായി തിരികെ സർവീസിൽ

വീഴ്ചകൾ എണ്ണിക്കാട്ടിയിട്ടും ഷിബുവിന് ക്ലീൻ സർട്ടിഫിക്കറ്റ്: ഒരേ കുറ്റം ചെയ്ത എ.എസ്.ഐ ബിജുവിനെ കോൺഗ്രസുകാരനാക്കി പിരിച്ചു വിട്ടു; എല്ലാ സ്റ്റേഷനിലും പഴി കേട്ട ഷിബു മാന്യനായി തിരികെ സർവീസിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കെവിൻ കേസിൽ ഒരേ പാത്രത്തിൽ രണ്ട് നീതി വിളമ്പി പൊലീസ്. കാമുകിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി മർദിച്ച് കൊലപ്പെടുത്തിയ കെവിന്റെ ജീവൻ രക്ഷിക്കാൻ ആവാതെ കെവിന്റെ മരണത്തിന് കാരണക്കാരനായി മാറിയ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തത് മുൻപുണ്ടായിരുന്ന പരാതികൾ ഒന്നും പരിഗണിക്കാതെ. നേരത്തെ പല തവണ ഷിബുവിനെതിരെ വിവിധ കോണുകളിൽ നിന്നും പരാതി ഉയർന്നിരുന്നു. ഈ പരാതികളും കെവിൻ കേസിലുണ്ടായ വീഴ്ചകളും പരിശോധിക്കുക പോലും ചെയ്യാതെയാണ് ഇപ്പോൾ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തിരിക്കുന്നത്.
കെവിൻ കേസിൽ ആദ്യം മുതൽ ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബു സ്വീകരിച്ചിരുന്നത് ദുരൂഹമായ നിലപാടായിരുന്നു. കേസിൽ പരാതിയുമായി നീനുവിന്റെ അച്ഛൻ ചാക്കോ സ്‌റ്റേഷനിൽ എത്തിയിരുന്നു. അപ്പോൾ മുതൽ തന്നെ ചാക്കോയ്ക്ക് അനുകൂലമായ നിലപാടാണ് ഷിബു സ്വീകരിച്ചിരുന്നത്. നീനുവിനോട് ചാക്കോയോടൊപ്പം പോകണമെന്ന കർശന നിലപാട് ഷിബു സ്വീകരിച്ചു. നീനു പോകാൻ തയ്യാറാകാതെ വന്നതോടെ ക്ഷുഭിതനാകുകയും, എന്ത് ചെയ്യണമെന്ന് എനിക്കറിയാമെന്ന് ക്ഷുഭിതനായി പറയുകയും ചെയ്തു. എന്നാൽ, താൻ കെവിന്റെ ഒപ്പം തന്നെ പോകുമെന്നായിരുന്നു നീനുവിന്റെ നിലപാട്. വിവാഹിതരാകാതിരുന്ന കെവിനെയും നീനുവിനെയും ഒന്നിച്ച് അയക്കാനാണ് ഷിബു തീരുമാനിച്ചത്. ഇതിനു പകരം കേസിൽ എഫ്.ഐആർ രജിസ്റ്റർ ചെയ്ത് നീനുവിന്റെ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കും സംരക്ഷണം ലഭിച്ചേനെ. എന്നാൽ, ഇത്തരം നടപടികൾക്ക് ഒന്നും ഷിബു തയ്യാറായിരുന്നില്ല.
ഇതൂകൂടാതെയാണ് രാവിലെ എട്ടു മണിയ്ക്ക് ലഭിച്ച പരാതിയിൽ ഉച്ചയ്ക്ക് മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ പുനലൂരിലേയ്ക്ക് അയക്കുന്നത് വൈകിട്ട് എട്ടു മണിയ്ക്ക് മാത്രവും. ഇത് അടക്കമുള്ള ഗുരുതര വീഴ്ചകൾ കണ്ടെത്തുകയും, റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടും ഷിബുവിനെതിരായ പിരിച്ചു വിടൽ നടപടി ഒഴിവാക്കാനാണ് ഐജി വിജയ് സാഖറെ ശ്രമിച്ചത്. ഇത് ഗുരുതരമായ പ്രത്യാഘാതമാണ് പൊലീസ് സേനയിൽ ഉണ്ടാക്കുക.
തെറ്റ് ചെയ്താലും തുടർ നടപടികൾ ഉണ്ടാകില്ലെന്നും എന്തും ചെയ്യാമെന്നുമുള്ള ധൈര്യം കള്ളന്മാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നതാണ് ഐജി വിജയ് സാഖറയുടെ തീരുമാനം. ഒരു എ.എസ്.ഐയെ മാത്രം പിരിച്ചു വിട്ട് നടപടി അവസാനിപ്പിച്ചതിൽ പൊലീസ് സേനയ്ക്കുള്ളിലും അമർഷമുണ്ട്. എസ്.ഐ റാങ്കിൽ താഴെയുള്ളവർക്ക് നേരിടേണ്ടി വരുന്ന വിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.