play-sharp-fill
മഹാത്മാഗാന്ധിക്കും വാജ്പേയിക്കും സൈനികർക്കും ആദരവർപ്പിച്ച് രണ്ടാം വരവിനൊരുങ്ങി നരേന്ദ്ര മോദി

മഹാത്മാഗാന്ധിക്കും വാജ്പേയിക്കും സൈനികർക്കും ആദരവർപ്പിച്ച് രണ്ടാം വരവിനൊരുങ്ങി നരേന്ദ്ര മോദി

സ്വന്തംലേഖകൻ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ രണ്ടാമൂഴത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും രാജ്യത്തിനായി ജീവൻ ബലി അർപ്പിച്ച സൈനികർക്കും മോദി ആദരാജ്ഞലികൾ അർപ്പിച്ചു. രാജ്ഘട്ടിലും അടൽ സമാധിയിലും ദേശീയ യുദ്ധ സ്മാരകത്തിലുമെത്തി മോദി പുഷ്പാഞ്ജലി അർപ്പിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും മോദിയെ അനുഗമിച്ചു.ഇന്ന് വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മോദിക്കൊപ്പം രാജ്‌നാഥ് സിംഗ്, നിതിൻഗഡ്കരി, പ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, സ്മൃതി ഇറാനി, നിർമ്മല സീതാരാമൻ, നരേന്ദ്രസിംഗ് തോമർ, അർജുൻ മേഘ്വാൾ തുടങ്ങി ഒന്നാം മോദി സർക്കാരിലെ പ്രമുഖരും ഏതാനും പുതുമുഖങ്ങളും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം  ചൊല്ലിക്കൊടുക്കും.തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന്റെ പ്രതിഫലനം പോലെ രാഷ്ട്രപതി ഭവൻ കണ്ട ഏറ്റവും വലിയ ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ. 6,500 അതിഥികൾ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനം, വി.മുരളീധരൻ എം.പി, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവരെയാണ് മന്ത്രിസഭയിലേക്ക് പറഞ്ഞു കേൾക്കുന്നത്. കണ്ണന്താനം കേന്ദ്രടൂറിസം മന്ത്രിയായി തുടരുമെന്ന് റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രി കേന്ദ്രത്തിൽ നിന്ന് വിളിച്ചതനുസരിച്ച് കുമ്മനം ഇന്ന് രാവിലത്തെ വിമാനത്തിൽ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആരോഗ്യകാരണങ്ങളാൽ മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് മോദിക്ക് ഇന്നലെ കത്ത് നൽകിയിരുന്നു. മോദി ഇന്നലെ രാത്രി ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യപ്രശ്‌നങ്ങൾ കാരണം വിദേശകാര്യമന്ത്രി സുഷമസ്വരാജും മന്ത്രിസഭയിൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്.മന്ത്രിസഭയിലേക്ക് വരാതെ ദേശീയ അദ്ധ്യക്ഷനായി തന്നെ അമിത് ഷാ തുടരുമെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഇന്നലെ പകലും രാത്രിയും മോദിയും അമിത് ഷായും മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ മുഴുകിയിരുന്നു. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഇന്നലെ അമിത് ഷാ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമിത് ഷാ പാർട്ടി അദ്ധ്യക്ഷനായി തുടരണമെന്ന അഭിപ്രായം ശക്തമാണ്.