
‘ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനം’; സൂംബ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ
തിരുവനന്തപുരം: സൂംബ വിവാദത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് പറഞ്ഞ് സർക്കാർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണ് എന്നാണ് മുരളീധരന്റെ ആരോപണം.
ലഹരിക്കെതിരായ കുട്ടികളുടെ സൂംബ പരിപാടിക്ക് വിതരണം ചെയ്ത ടീ ഷർട്ടിലെ മുഖ്യമന്ത്രിയുടെ ചിത്രമാണ് വലിയ വിവാദത്തിന് കാരണമായത്. വിദ്യാഭ്യാസ വകുപ്പാണ് പരിപാടിയുടെ സംഘാടകർ. കോൺഗ്രസ് അധ്യാപക സംഘടന ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കം നടത്തുന്നു എന്നായിരുന്നു ആരോപണം. തുടർന്ന് വിമർശനങ്ങളും ശക്തമായി.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ പടമുള്ള ടീ ഷർട്ട് പിൻവലിക്കണം എന്നാണ് കെ മുരളീധരൻ ആവശ്യപ്പെട്ടത്. ഇത്തരം പ്രവർത്തനങ്ങളുടെ മറവിൽ ഇമേജ് ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്, ഇന്നത്തെ കേരളത്തിന്റെ അവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രിയാണെന്നും മുരളീധരൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിഞ്ഞം വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. ‘മുഖ്യമന്ത്രിയുടെ കുടുംബം എങ്ങനെ അവിടെ വന്നു? മുഖ്യമന്ത്രി കുടുംബസമേതം അവിടെ ചെന്നത് പ്രോട്ടോക്കോൾ ലംഘനമാണ്. വിഴിഞ്ഞം തുറമുഖം എന്ന് പറയുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പേര് മാത്രമേ ജനങ്ങളുടെ മനസിൽ വരൂ’ എന്നും അദ്ദേഹം പറഞ്ഞു.