
ആരോ ചെയ്ത ചതിയുടെ പേരിൽ ചെയ്യാത്ത തെറ്റിന് ജയിലിൽ കിടക്കേണ്ടി വന്നു; പാകിസ്ഥാൻകാരായിരുന്നു സഹതടവുകാർ; അവരെ കണ്ടപ്പോൾ വിറച്ചുപോയി; ‘ഉമ്മ, ബാപ്പ എനിക്ക് കാണണം’ എന്നൊക്കെ ഭിത്തിയിൽ എഴുതിവച്ചിട്ടുണ്ടായിരുന്നു; ഇതുകൂടി കണ്ടപ്പോൾ സങ്കടം സഹിക്കാൻ വയ്യാതെയായി; തുറന്ന് പറഞ്ഞ് നടൻ അശോകൻ
ആലപ്പുഴ: ആരോ ചെയ്ത ‘ചതി’യുടെ പേരിൽ ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നിട്ടുള്ളയാളാണ് നടൻ അശോകൻ. അതും ഖത്തറിൽ അശോകൻ ഖത്തറിലുണ്ടായിരുന്നപ്പോൾ, അദ്ദേഹം അഭിനയിച്ച ഒരു സിനിമയിലെ മയക്കുമരുന്ന് രംഗം ആരോ അവിടുത്തെ അധികൃതർക്ക് അയച്ചുകൊടുക്കുകയായിരുന്നു. എന്നാൽ, അത് സിനിമയിലെ രംഗമാണെന്ന് ഖത്തർ പൊലീസ് തിരിച്ചറിഞ്ഞില്ല.
അശോകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് കരുതി അവർ പിടികൂടുകയും ചെയ്തു. പല തവണ ഈ അനുഭവത്തെക്കുറിച്ച് അശോകൻ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഒരു ഇന്റർവ്യൂവിലും താരം തന്റെ ജയിൽ കഥ’യെക്കുറിച്ച് വിശദീകരിച്ചു. ഒരിക്കലും ജീവിതത്തിലേക്ക് വരുമെന്ന് അന്ന് വിചാരിച്ചില്ലെന്ന് അശോകൻ പറഞ്ഞു.
‘കേക്ക് സ്റ്റോറി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഗൾഫിലെ നിയമവ്യവസ്ഥകൾ അറിയാമല്ലോ? അന്ന് സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നിയമങ്ങൾ കർശനമായിരുന്നത് ഖത്തറിലായിരുന്നു. അവിടെയാണ് പിടിച്ചിട്ടത്. അതും ഒരു സിനിമയിൽ ചെയ്ത ക്യാരക്ടറിന്റെ പേരിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണാമം എന്ന സിനിമയിലായിരുന്നു അഭിനയിച്ചത്. ആ സിനിമയിൽ ഡ്രഗ് അഡിക്ടാണ്. അതിലെ ഒരു പടമെടുത്ത് ആരോ അറിഞ്ഞോ, അറിയാതെയോ, തമാശയ്ക്കോ അല്ലെങ്കിൽ ഇവനെ ഒന്ന് കുടുക്കണമെന്ന് വിചാരിച്ചോ അവിടുത്തെ സിഐഡി ഡിപ്പാർട്ട്മെന്റിന് അയച്ചുകൊടുത്തു. സിഐഡികൾ അന്ന് രാത്രി തന്നെ ഹോട്ടലിൽ വന്ന് പൊക്കി. രാത്രി രണ്ട് മണിക്ക് തൂക്കിയെടുത്ത് നമ്മളെയും കൊണ്ടുപോയി. ഉപദ്രവിച്ചൊന്നുമില്ല. നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവര് പറയുന്ന അറബിയൊന്നും മനസിലായില്ല. ഇടയ്ക്ക് ഇംഗ്ലീഷും പറഞ്ഞു.
വാച്ചും മാലയുമൊക്കെ ഊരി ഒരു കവറിലാക്കി പിന്നെ ഒരു സെല്ലിലേക്ക് കൊണ്ടുപോയി. പാകിസ്ഥാൻകാരൊക്കെയായിരുന്നു സഹതടവുകാർ. അവരെ കണ്ടപ്പോൾ വിറച്ചുപോയി. അവിടെ കിടന്ന് കരഞ്ഞു. ആ പാകിസ്ഥാൻകാര് മര്യാദക്കാരായിരുന്നു. എന്തുപറ്റിയെന്ന് അവരുടെ ഭാഷയിൽ ചോദിക്കുന്നുണ്ടെങ്കിലും മനസിലായില്ലെന്നും അശോകൻ പറഞ്ഞു.
മലയാളികൾ ആരോ അവിടെ അതിന് മുമ്പ് കിടന്നിട്ടുണ്ടായിരുന്നു. ‘ഉമ്മ, ബാപ്പ എനിക്ക് കാണണം’ എന്നൊക്കെ ഭിത്തിയിൽ എഴുതിവച്ചിട്ടുണ്ടായിരുന്നു. വീടിന്റെയും പശുവിന്റെയുമൊക്കെ പടവും വരച്ചിട്ടുണ്ടായിരുന്നു. ഇതുകൂടി കണ്ടപ്പോൾ സങ്കടം സഹിക്കാൻ വയ്യാതെയായി. പിന്നെ ഇങ്ങനെ കിടക്കുന്നത് ആരും അറിയല്ലേയെന്നായിരുന്നു പ്രാർത്ഥന.
അപ്പോൾ സെല്ലിന്റെ ഒരറ്റത്ത് ഒരു മലയാളിയുടെ ശബ്ദം കേട്ടു ‘ഇവിടെ എന്താ വേണ്ടത്, ചായ വേണോ’ എന്നൊക്കെ ചോദിക്കുന്നതാണ് കേട്ടത്. അയാൾ ഓരോ സെല്ലിലും അങ്ങനെ ചോദിച്ച് അവസാനം താൻ കിടന്ന സെല്ലിലെത്തി തന്നെ കണ്ടപ്പോൾ അയാൾ ഞെട്ടിപ്പോയെന്നും അശോകൻ വെളിപ്പെടുത്തി. ചേട്ടൻ എന്താ ഇവിടെയെന്ന് അയാൾ ചോദിച്ചു. തനിക്കും അത് അറിയില്ലെന്നായിരുന്നു തന്റെ മറുപടി.
അയാൾ ആശ്വസിപ്പിച്ചു. ഒറ്റപ്പാലം സ്വദേശിയായ അസീസ് എന്നയാളായിരുന്നു അത്. പിറ്റേദിവസം അനന്തരം സിനിമ പുറത്തിറങ്ങി. ആ സിനിമ ഫെസ്റ്റിവലിലൊക്കെ തിരഞ്ഞെടുക്കപ്പെട്ടു. അവിടുത്തെ പത്രത്തിലൊക്കെ വാർത്ത വന്നു. അതിലെ ഹീറോയാണെന്നും പറഞ്ഞായിരുന്നു പത്രത്തിലുണ്ടായിരുന്നത്. സ്പോൺസേഴ്‌സ് അത് അറബികളെ കാണിച്ചു. പിറ്റേദിവസം 12 മണിയായപ്പോഴേക്കും വിട്ടുവെന്നും അശോകൻ തുറന്നുപറഞ്ഞു.