
പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്ന നദീജലത്തിന്റെ അളവ് ഇന്ത്യ കുറച്ചതിനെ തുടർന്ന് പാക്കിസ്ഥാനിൽ ഇന്ത്യക്കെതിരെ തെരുവുപ്രക്ഷോഭം ആരംഭിച്ചു; ഇന്ത്യൻ സേനയുടെ നീക്കങ്ങൾ നിരീക്ഷിച്ച് പാക്ക് സൈന്യം; ഭീകരത്താവളങ്ങളിൽനിന്നും നുഴഞ്ഞുകയറ്റക്കാരെ മാറ്റി
ന്യൂഡൽഹി: പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്ന നദീജലത്തിന്റെ അളവ് ഇന്ത്യ കുറച്ചതായുള്ള റിപ്പോർട്ടുകൾക്കിടയിൽ, വടക്കൻ പാക്കിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാനിൽ തെരുവുപ്രക്ഷോഭം ആരംഭിച്ചു. വെള്ളം തടഞ്ഞെന്ന പേരിൽ ഇന്ത്യയക്കെതിരെയാണു പ്രക്ഷോഭമെന്നും അതല്ല പാക്ക് അധികൃതർക്കെതിരെയാണു ജനരോഷമെന്നും വിലയിരുത്തലുണ്ട്.
എന്തിന്റെ പേരിലായാലും പാക്ക് സൈന്യത്തെ സംബന്ധിച്ചിടത്തോളം ഈ അവസരത്തിൽ ജനങ്ങൾ തെരുവിലിറങ്ങുന്നതു ശുഭകരമല്ല. ഗിൽജിത് ബാൾട്ടിസ്ഥാൻ പോലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ ജനം തെരുവിലിറങ്ങുന്നത് ഇവിടത്തെ സൈന്യത്തിൻ്റെ ശ്രദ്ധതിരിക്കും. ഈ മേഖലയുടെ സുരക്ഷ മുഖ്യമായും ഫോഴ്‌സ് കമാൻഡർ നോർത്തേൺ ഏരിയയുടെ (എഫ്‌സിഎൻഎ) ചുമതലയിലാണ്.
1971ലെ യുദ്ധത്തിൽ തുർത്തുക് പ്രദേശവും മറ്റും പാക്ക് സൈന്യത്തിന് നഷ്ടമായതിനെ തുടർന്നാണ് ഇവിടെ ലഫ്റ്റനന്റ് ജനറലിന്റെ ചുമതലയിൽ കമാൻഡ് രൂപീകരിച്ചത്. 1999ൽ പോരാട്ടം നടന്ന കാർഗിലിന് അഭിമുഖമായ പാക്ക് പ്രദേശവും ഈ കമാൻഡിന്റെ ചുമതലയിലാണ്. പാക്ക് അധിനിവേശ കശ്മിരിലേക്ക് (പിഒകെ) ഇന്ത്യ മിന്നലാക്രമണം നടത്തിയേക്കുമെന്നു പാക്ക് സൈന്യത്തിന് ആശങ്കയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണരേഖയോടു ചേർന്നുള്ള മിക്കവാറും എല്ലാം ഭീകരത്താവളങ്ങളിൽനിന്നും നുഴഞ്ഞുകയറ്റക്കാരെ പാക്ക് സൈന്യം മാറ്റിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2016ലെ ഉറി ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണം ആവർത്തിക്കാതിരിക്കാനാണിത്. 2019ൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാക്കോട്ട് ആക്രമണം ആവർത്തിക്കാതിരിക്കാനായി വ്യോമപ്രതിരോധ നിരയോട്
ജാഗരൂകരായിരിക്കാൻ പാക്ക് സേന ഉത്തരവിട്ടിട്ടുണ്ട്.
കരയാക്രമണവും വ്യോമാക്രമണവും നടത്തിയ ഇന്ത്യ ഇക്കുറി കടലാക്രമണം നടത്തിയേക്കാമെന്നും പാക്കിസ്ഥാനിൽ
ആശങ്കയുണ്ട്. നാലുദിവസം മുൻപുതന്നെ വടക്കൻ അറബിക്കടലിൽ സൈനിക മുന്നറിയിപ്പ് ആയ നോട്ടാം (നോട്ടിസ് ഫോർ എയർമെൻ ആൻഡ് മാരിനേഴ്‌സ്) പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിൽ ചൈനയിൽനിന്ന് 200 കിലോമീറ്റർ വരെ ദൂരപരിധിയുള്ള പി.എൽ15 ആണവേതര മിസൈലുകൾ പാക്കിസ്ഥാനിൽ എത്തിയതായി റിപ്പോർട്ടുണ്ട്.
ഏതായാലും പാക്ക് നീക്കങ്ങളെല്ലാം പ്രതീക്ഷിച്ചതാണെന്നാണ് ഇന്ത്യൻ സൈനികവൃത്തങ്ങൾ പറയുന്നത്. ഭീകരാക്രമണത്തിന് അവർ തുനിഞ്ഞതുതന്നെ ചില മുൻകരുതലുകൾ എടുത്തശേഷമാവുമെന്നു സൈനികോദ്യോഗസ്‌ഥർ പറയുന്നു.