video
play-sharp-fill

അനുകമ്പയുടെയും സേവനത്തിന്‍റെയും പ്രതീകം ; സംസ്കാര ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും ; ഫ്രാൻസിസ് പാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ ; സംസ്കാര ചടങ്ങുകൾ ശനിയാഴ്ച്ച ; ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും

അനുകമ്പയുടെയും സേവനത്തിന്‍റെയും പ്രതീകം ; സംസ്കാര ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും ; ഫ്രാൻസിസ് പാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ ; സംസ്കാര ചടങ്ങുകൾ ശനിയാഴ്ച്ച ; ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും

Spread the love

ദില്ലി: ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ നടക്കുന്ന കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് നിശ്ചയിച്ചത്. മാർപ്പാപ്പയോടുളള ആദരസൂചകമായി മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. കബറടക്കം നടക്കുന്ന നാളെയും ദുഖാചരണത്തിനാണ് നിശ്ചയിച്ചിരിക്കുന്നത്. അനുകമ്പയുടെയും സേവനത്തിന്‍റെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അനുസ്മരിച്ചു.

അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്നത് ആയിരങ്ങളാണ്. ശനിയാഴ്ച സംസ്കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിനായിരിക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. മാ‍ർപാപ്പയുടെ സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണമായിരിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ വസതിയിൽ 88 -ാം വയസിലാണ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.