
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വോട്ട് ചോർച്ച പരിശോധിക്കുമെന്ന് യച്ചൂരി
സ്വന്തംലേഖകൻ
കോട്ടയം : ശബരിമല അടക്കമുളള വിഷയങ്ങൾ കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കേരളവും ബംഗാളും ത്രിപുരയും ഉൾപ്പെടെയുള്ള സിപിഎം ശക്തികേന്ദ്രങ്ങളിൽ പാർട്ടിക്ക് വോട്ട് ചോർച്ചയുണ്ടായതിനെപ്പറ്റി പരിശോധിക്കുമെന്നും പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം സീതാറാം യച്ചൂരി പറഞ്ഞു. പാർട്ടി സംസ്ഥാന നേതൃത്വങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് തോൽവി ആത്മ വിമർശനാത്മകമായി വിലയിരുത്തുമെന്നും യച്ചൂരി വ്യക്തമാക്കി. അതേ സമയം ദേശീയ തലത്തിൽ സിപിഎം കോൺഗ്രസിനോട് സ്വീകരിച്ച മൃദു സമീപനവും കേരളത്തിലെ തിരിച്ചടിക്ക് കാരണമായെന്ന് പോളിറ്റ് ബ്യൂറോയിൽ സംസ്ഥാന നേതൃത്വം നിലപാടറിയിച്ചു.തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊള്ളും . സംസ്ഥാന ഘടകങ്ങളോട് വിപുലമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ജൂൺ ഏഴ് മുതൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം പരിശോധിച്ച് നടപടി കൈകൊളളും. ജനറൽ സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും, എന്നാൽ കൂട്ടുത്തരവാദിത്തത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും യച്ചൂരി വ്യക്തമാക്കി. ദേശീയ തലത്തിൽ കോൺഗ്രസ്സിനോട് പുലർത്തിയ സമീപനം ഉൾപ്പെടെ പാർട്ടി സ്വീകരിച്ച ദേശീയ നയം തിരിച്ചടിയായോ എന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി യുടെ വിജയത്തിന് സഹായകരമായി പ്രവർത്തിച്ചെന്നും യച്ചൂരി ആരോപിച്ചു.