
ഷൈനിന് കൊടുക്കുന്ന അവസാന അവസരം ദൗര്‍ബല്യമായി കാണരുത് ; ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ; മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചു : ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍
കൊച്ചി: മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിട്ടുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍. ഒരവസരം കൂടി നല്‍കുന്നത് ദൗര്‍ബല്യമായി കാണരുതെന്നും ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഷൈനിന് കൊടുക്കുന്ന അവസാന അവസരമാണിതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നടി വിന്‍ സിയുടെ പരാതിയുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഐസി റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിന്‍സിയുടെ പരാതി ഒത്തുതീര്‍പ്പാക്കുന്നതിനായി ചലച്ചിത്രമേഖലയിലെ ഒരു സംഘടനയും ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്നും അവരോട് ആവശ്യപ്പെട്ടത് ഒരു ഭയവും ഇല്ലാതെ തുറന്നുപറയാനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘സൂത്രവാക്യം’ സിനിമയുമായി ബന്ധപ്പെട്ട പരാതിയില്‍ വിന്‍സി ഫെഫ്കയെ ബന്ധപ്പെട്ടിരുന്നു. നടന്റെ പേരും സിനിമയുടെ പേരും പുറത്ത് പറയരുത് എന്ന് വിന്‍സി ആവശ്യപ്പെട്ടിരുന്നു. വിന്‍സിയോട് നിയമാനുസൃതം ഐസിസിയില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഫെഫ്ക മുന്നോട്ട് പോകുമ്പോള്‍ അമ്മയുടെ അംഗങ്ങള്‍ അത്തരത്തില്‍ പെരുമാറിയാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല.ഷൈന്‍ ടോം ചാക്കോയെ തങ്ങള്‍ വിളിച്ചു വരുത്തി. ലഹരി ഉപയോഗിക്കുന്നു എന്ന് ഷൈന്‍ തങ്ങളോടും പറഞ്ഞു. അമ്മയുമായി ഫെഫ്ക ചര്‍ച്ച നടത്തി. ഈ രീതിയില്‍ സിനിമയുമായി മുന്നോട്ടു പോകാന്‍ പ്രയാസമാണെന്ന് അറിയിച്ചു. ലഹരി ബന്ധം ഉള്ളവരുമായി സഹകരിക്കാന്‍ കഴിയില്ല. ലഹരിയുമായി പിടിയിലായ മേക്കപ്പ് മാനെ ഫെഫ്ക പിരിച്ചു വിട്ടിരുന്നു’, ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.