
പ്രവൃത്തിദിവസങ്ങളിൽ സ്കൂളിൽ കുട്ടികളുടെ മുന്നിൽ അധ്യാപകരുടെ ഭക്ഷണപാർട്ടി വേണ്ട : ബാലാവകാശ കമീഷൻ
തിരുവനന്തപുരം : പ്രവൃത്തിദിവസങ്ങളിൽ കുട്ടികളുടെ മുന്നിൽവെച്ച് അധ്യാപകർ നടത്തുന്ന ഭക്ഷണപാർട്ടികൾ ഒഴിവാക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. 2005ലെ ആക്ടിലെ 15ാം വകുപ്പുപ്രകാരമാണ് ഉത്തരവ്.
അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന പാർട്ടികൾ, സദ്യകൾ എന്നിവ കുട്ടികൾ സ്കൂളുകളിൽ എത്തുന്നതിനു മുമ്പോ അല്ലെങ്കിൽ കുട്ടികൾ പോയശേഷമോ സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഇത് സാധിക്കുന്നില്ലെങ്കിൽ പ്രവൃത്തിദിനമല്ലാത്ത അവധിദിവസങ്ങളിൽ നടത്താം. ഈ നിർദേശങ്ങൾ എല്ലാ സ്കൂളുകൾക്കും വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്കും നൽകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.
ഭക്ഷണത്തിന്റെ ഗന്ധം കുട്ടികൾക്ക് കിട്ടുമ്പോൾ സ്വാഭാവികമായും അത് രുചിക്കാനുള്ള ആഗ്രഹം അവരിലുണ്ടാകുകയും കിട്ടാത്തപ്പോൾ വിഷമമുണ്ടാക്കുകയും ചെയ്യും. ദരിദ്രവിഭാഗത്തിൽപെട്ട കുട്ടികൾക്കും ഇത്തരം ഭക്ഷണം കിട്ടാത്ത കുട്ടികൾക്കും അതേറെ പ്രയാസമാവും. അതിനാൽ ഇത്തരം നടപടികൾ സാമൂഹിക പങ്കാളിത്ത അവകാശങ്ങളുടെ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞു. റിട്ടയേഡ് അധ്യാപകനായ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇ.സി നാസിർ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
