നീണ്ട യാത്രകള്‍ പോകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം ; മലമുകളിലെ പുലർകാല കാഴ്ചകള്‍ കാണാം ; 1000 രൂപയ്ക്ക് കോട്ടയത്തെ ഇല്ലിക്കല്‍ കല്ലിലേയ്ക്കും ഇലവീഴാപൂഞ്ചിറയിലേയ്ക്കും യാത്ര പോകാം ; വേനല്‍കാലത്ത് കേരളത്തില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെ കുറിച്ചും അറിഞ്ഞിരിക്കാം

Spread the love

മെയ് മാസത്തില്‍ നീണ്ട യാത്രകള്‍ പോകാനുള്ള മികച്ച അവസരമാണ് നിലമ്പൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് സെല്‍ ഒരുക്കിയിരിക്കുന്നത്. ഈ വേനല്‍കാലത്ത് കേരളത്തില്‍ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാക്കേജ്. വിശദമായി നോക്കാം

ആലപ്പുഴയിലേക്ക്

കിഴക്കിന്റെ വെനീസായ ആലപ്പുഴ സഞ്ചാരികളുടെ പറുദീസയാണ്. ഏത് കാലത്തും സ്വദേശികളും വിദേശികളും ഒരുപോലെ എത്തുന്ന സ്ഥലമാണ് ആലപ്പുഴ. കായലിലൂടെയുള്ള മടുപ്പിക്കാത്ത യാത്രയും വയറ് നിറയെ കായല്‍ രുചി കഴിക്കാനുള്ള അവസരവും ഇവിടെ ഉണ്ട്. മെയ് 10 നാണ് ആലപ്പുഴയിലേക്ക് നിലമ്ബൂരില്‍ നിന്നും പാക്കേജ് ഉള്ളത്. ആറ് മണിക്കൂറോളം ഹൗസില്‍ ബോട്ടി കറങ്ങി, കായല്‍ കാഴ്ചകള്‍ കണ്ട് കരിമീൻ കൂട്ടി ഉച്ചയൂണും കഴിച്ച്‌ ഒരുദിനം ഗംഭീരമാക്കി മടങ്ങാം. ഒരു ദിവസം നീണ്ട് നില്‍ക്കുന്ന ഈ പാക്കേജിന് ഒരാള്‍ക്ക് വരുന്ന ചെലവ് 1900 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 ന് മലക്കപ്പാറ വഴി കറങ്ങി വരാം

തൃശൂർ ജില്ലയുടെ അതിർത്തി ഗ്രാമമാണ് മലക്കപ്പാറ, മനോഹരമായ ഈ ഹില്‍സ്റ്റേഷനിലേക്കുള്ള യാത്ര തന്നെ രസകരമായ അനുഭവമായിരിക്കും, പ്രത്യേകിച്ച്‌ കെ എസ് ആർ ടി സിയില്‍. അതിരപ്പിള്ളി-വാഴച്ചാല്‍ വഴി മലക്കപ്പാറയിലേക്ക് എത്താൻ 86 കിമിയാണ് സഞ്ചരിക്കേണ്ടത്. പോകുന്ന വഴിയില്‍ കാടും വന്യമൃഗങ്ങളും തേയില തോട്ടങ്ങളുമെല്ലാം സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും. മെയ് 11 ന് രാവിലെ നാല് മണിയോടെയാണ് യാത്ര പുറപ്പെടുക. ഫാസ്റ്റ് പാസഞ്ചർ ബസിലായിരിക്കും യാത്ര. 1050 രൂപയാണ് ഇവിടേക്ക് വരുന്ന ചെലവ്.

ഇല്ലിക്കല്‍ കല്ലും ഇലവീഴാപൂഞ്ചിറയും

സാഹസികത ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ കണ്ണും പൂട്ടി ഈ പാക്കേജിന് ബുക്ക് ചെയ്യാം. കോട്ടയം ജില്ലയിലാണ് ഈ രണ്ട് ഹില്‍സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് 57 കിമി സഞ്ചരിച്ചാല്‍ ഇല്ലിക്കല്‍ കല്ലില്‍ എത്താം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ് ഇഷ്ടപ്പെടുന്നവരാണ് ഇവിടെ കൂടുതലായി എത്താറുള്ളത്. മലമുകളിലെ പുലർകാല കാഴ്ചകള്‍ ഏവരേയും അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ തർക്കമില്ല.

ഇലവീഴാപൂഞ്ചിറയും ഇത് പോലെ തന്നെ മനോഹരമായ ഇടമാണ്. മരങ്ങള്‍ ഇല്ലാത്തതിനാലാണത്രേ ഇലവീഴാപൂഞ്ചിറ എന്ന പേരിന് കാരണം. സമുദ്രനിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലാണ് ഈ സ്ഥലം. ശൈത്യകാലത്ത് ഇവിടം സന്ദർശിക്കുന്നതാണ് നല്ലത്. മഴക്കാലത്തും അതീവ സുന്ദരിയാണ് ഇല്ലിക്കല്‍ കല്ല്, അതുപോലെ തന്നെ അപകടകരവുമാണ്. നിലമ്ബൂരില്‍ നിന്നുള്ള ഈ ഏകദിന പാക്കേജിന് ആയിരം രൂപയാണ് ചെലവ് വരുന്നത്.

വാഗമണും ചതുരംഗപ്പാറയും കറങ്ങാം

ഏഷ്യയുടെ സ്കോട്ട്ലാന്റ് എന്ന് അറിയപ്പെടുന്ന ഇടമാണ് വാഗമണ്‍. ഇവിടുത്തെ മൊട്ടക്കുന്നും പൈൻ കാടുകളും ചില്ല് പാലവുമൊക്കെ കാണാൻ ഏത് സമയത്തും സഞ്ചാരികളുടെ ഒഴിക്കാണ്.

ഇടുക്കിയിലെ ചതുരംഗപ്പാറ ഏത് സമയത്തും കാറ്റ് വീശിക്കോണ്ടിരിക്കുന്ന ഇടമാണ്. മെയ് 23 ന് പോകുന്ന ഈ യാത്രക്ക് 3220 രൂപയാണ് ചെലവ്.