video
play-sharp-fill

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു ; കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് ചരിത്ര നിമിഷത്തിന് : മന്ത്രി വി.എൻ.വാസവൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു ; കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് ചരിത്ര നിമിഷത്തിന് : മന്ത്രി വി.എൻ.വാസവൻ

Spread the love

തിരുവനന്തപുരം :മെയ് രണ്ടിന് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് ഒരു ചരിത്ര മുഹൂർത്തത്തിനാണെന്ന് തുറമുഖ, സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ. ചരിത്ര ഏടുകളിൽ സ്ഥാനം പിടിക്കുന്ന, കേരളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിക്കുന്ന സുപ്രധാന ദൗത്യം നിർവഹിക്കാൻ പ്രധാനമന്ത്രി എത്തുമെന്ന് മന്ത്രി അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്‌ഘാടന ചടങ്ങ് പ്രൗഢഗംഭീരമായ ചരിത്രനിമിഷമാക്കി മാറ്റാനുള്ള അനുബന്ധ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനാണ് യോഗം ചേർന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ രൂപം പൂർത്തീകരിച്ചു ഡിസംബർ മാസത്തിൽ തന്നെ കൈമാറി. ജൂലൈ മാസത്തിൽ മുഖ്യമന്ത്രി തുടക്കം കുറിച്ച മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയൽ റണ്ണിൽ പ്രതീക്ഷിച്ചതിനേക്കാളും കപ്പലുകൾ വിഴിഞ്ഞത്തെത്തി. അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഇതിനോടകം വിഴിഞ്ഞം തുറമുഖത്തിനുണ്ടായത്. 265ൽ പരം കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. അഞ്ചര ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനും വിഴിഞ്ഞം തുറമുഖത്തിന് കഴിഞ്ഞു.

റെയിൽവേ കണക്ടിവിറ്റിയും റോഡ് കണക്റ്റിവിറ്റിയുമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. 10.7 കിലോമീറ്റർ റെയിൽവേയിൽ 9.2 കിലോമീറ്റർ തുരങ്കപാതയാണ് നിർദേശിച്ചിട്ടുള്ളത്. കൊങ്കൺ റെയിൽവേ തയ്യാറാക്കിയ ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ടിന് റെയിൽവേ മന്ത്രാലയത്തിൻ്റെ അംഗീകാരം ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹ്യ ആഘാത പഠനവും പരിസ്ഥിതി ആഘാത പഠനവും അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. റോഡ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായി രൂപീകരിച്ച കമ്മിറ്റി നാഷണൽ ഹൈവേ അതോറിറ്റിയുമായി ധാരണയിലെത്തിയെന്നും, താൽകാലിക സംവിധാനമായി 1.6 കിലോമീറ്റർ റോഡ് ഉടനെ പൂർത്തിയാക്കും. അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ഒന്നാം ഘട്ടം കമ്മീഷൻ ചെയ്യുന്നതിനൊപ്പം രണ്ടാം ഘട്ടത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി യോഗത്തിൽ അധ്യക്ഷനായിരുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എത്തുമ്പോൾ മികച്ച വരവേൽപ്പ് ഒരുക്കേണ്ടതുണ്ടെന്നും, ഉദ്ഘാടന ചടങ്ങിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ ഉദ്‌ഘാടന ചടങ്ങിന് വേണ്ട പ്രചാരണം നൽകണമെന്നും ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു..

മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായി പൊതുസംഘാടക സമിതി രൂപീകരിച്ചതായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ മാനേജിംഗ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ യോഗത്തിൽ അറിയിച്ചു. തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ സ്വാഗത സംഘം ചെയർമാനും മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവർ രക്ഷാധികാരികളുമായിരിക്കും.

ജില്ലയിലെ എംഎൽഎമാരും എം.പിമാരും ഉൾപ്പെടെ 77 അംഗങ്ങൾ അടങ്ങിയതാണ് സ്വാഗത സംഘം. കൂടാതെ 6 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

യോഗത്തിൽ എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, സി.കെ.ഹരീന്ദ്രൻ, ആന്റണി രാജു, ഐ.ബി.സതീഷ്, വി.കെ.പ്രശാന്ത്, മേയർ ആര്യ രാജേന്ദ്രൻ, മുൻമന്ത്രി എം.വിജയകുമാർ, തുറമുഖ വകുപ്പ് സെക്രട്ടറി എൻ.കൗശിഗൻ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.