video
play-sharp-fill

അവസാന ഓവറില്‍ കൈവിട്ടു ; രാജസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി ; ആവേശ് ഖാന്റെ മികവില്‍ ലക്‌നൗവിന്റെ ജയം രണ്ട് റണ്‍സിന്

അവസാന ഓവറില്‍ കൈവിട്ടു ; രാജസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി ; ആവേശ് ഖാന്റെ മികവില്‍ ലക്‌നൗവിന്റെ ജയം രണ്ട് റണ്‍സിന്

Spread the love

ജയ്പുര്‍: അവസാന ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്ന ഒമ്പത് റണ്‍സ് പ്രതിരോധിച്ച ആവേശ് ഖാന്റെ മികവില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം. ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി കൈയിലിരുന്ന കളി അവസാന ഓവറില്‍ കൈവിട്ട രാജസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി. ലഖ്‌നൗ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. മികച്ച തുടക്കവും മധ്യ ഓവറുകളില്‍ മികച്ച റണ്‍റേറ്റും നിലനിര്‍ത്തിയിട്ടും രണ്ടു റണ്‍സിന് തോല്‍ക്കാനായിരുന്നു രാജസ്ഥാന്റെ വിധി.

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന് യശസ്വി ജയ്‌സ്വാള്‍ – വൈഭവ് സൂര്യവംശി ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 85 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിട്ട വൈഭവ് നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് തുടങ്ങിയത്. 20 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 34 റണ്‍സെടുത്ത വൈഭവിനെ ഒമ്പതാം ഓവറില്‍ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ നിതീഷ് റാണയ്ക്ക് (8) കാര്യമായൊന്നും ചെയ്യാനായില്ല.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാളും ക്യാപ്റ്റന്‍ റിയാന്‍ പരാഗും 62 റണ്‍സ് ചേര്‍ത്തതോടെ രാജസ്ഥാന് പ്രതീക്ഷ കൈവന്നു. എന്നാല്‍ 18-ാം ഓവറില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ജയ്‌സ്വാള്‍ പുറത്തായി. 52 പന്തില്‍ നിന്ന് നാല് സിക്‌സും അഞ്ച് ഫോറുമടക്കം 74 റണ്‍സെടുത്ത ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ആവേശ് ഖാനായിരുന്നു വിക്കറ്റ്. അതേ ഓവറിലെ ആവസാന പന്തില്‍ റിയാന്‍ പരാഗിനെയും പുറത്താക്കിയ ആവേശ് ഖാന്‍ മത്സരം ആവേശകരമാക്കി. 26 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 39 റണ്‍സെടുത്താണ് പരാഗ് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ ആറു റണ്‍സ് മാത്രം വഴങ്ങിയ ആവേശ് ഖാന്‍ ലഖ്‌നൗവിന് ജയമൊരുക്കി. മൂന്നാം പന്തില്‍ ഷിംറോണ്‍ ഹെറ്റ്മയറെ (12) പുറത്താക്കി ആവേശ് ഖാന്‍, രാജസ്ഥാനെ പ്രതിരോധത്തിലാക്കി. പിന്നീടെത്തിയ ശുഭം ദുബെയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്‍ തന്നെയാണ് ലഖ്‌നൗ ബൗളര്‍മാരില്‍ മികച്ചു നിന്നതും.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തിരുന്നു. ഏയ്ഡന്‍ മാര്‍ക്രം ആയുഷ് ബധോനി, അബ്ദുള്‍ സമദ് എന്നിവരുടെ ഇന്നിങ്സുകളാണ് ലഖ്നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 45 പന്തില്‍നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 66 റണ്‍സെടുത്ത മാര്‍ക്രമാണ് അവരുടെ ടോപ് സ്‌കോറര്‍. 34 പന്തുകള്‍ നേരിട്ട ബധോനി 50 റണ്‍സെടുത്തു.

മിച്ചല്‍ മാര്‍ഷ് (4), നിക്കോളാസ് പുരന്‍ (11), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (3) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അവസാന ഓവറുകളില്‍ വെറും 10 പന്തില്‍നിന്ന് നാല് സിക്സടക്കം 30 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് ലഖ്നൗ സ്‌കോര്‍ 180-ല്‍ എത്തിച്ചത്. സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ 27 റണ്‍സാണ് സമദ് അടിച്ചെടുത്തത്.