മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം; പിഴവ് സംഭവിച്ചെന്ന് മെഡിക്കൽ കോളേജ് സുപ്രണ്ടിന്റ പ്രാഥമിക റിപ്പോർട്ട്
സ്വന്തംലേഖകൻ
കോട്ടയം : മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവ് സംഭവിച്ചെന്നു മെഡിക്കൽ കോളേജ് സുപ്രണ്ടിന്റ പ്രാഥമിക റിപ്പോർട്ട്. ആളു മാറിയുള്ള ശസ്ത്രക്രിയ സർജ്ജന്റെയും ജീവനക്കാരുടെയും ജാഗ്രത കുറവാണ്. ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കമായിരുന്ന പിഴവെന്നും ആരോഗ്യ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ആളുമാറി ശസ്ത്രക്രിയ നടത്തിയ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയ സർജനും കൂടെ ഉണ്ടായിരുന്ന ജീവനക്കാർക്കും പിഴവ് പറ്റിയെന്നാണ് റീപോർട്ടിലെ പരാമർശം. സർജറി ചെയ്ത ഡോക്ടർക്ക് പുറമെ കൂടെ ഉണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സ്, അനസ്‌തേഷ്യ ടെക്‌നീഷ്യൻ, ക്‌ളീനിംഗ് സ്റ്റാഫ്, ഓപ്പറേഷൻ തിയേറ്ററിലെ സ്റ്റാഫ് നഴ്‌സുമാർ, അനസ്‌തേഷ്യ വിദഗ്ദർ എന്നിവർക്കും ജാഗ്രത കുറവുണ്ടായി. ഓപ്പറേഷൻ തിയേറ്ററിൽ മുൻകരുതലും ശ്രദ്ധയും വേണ്ടതായിരുന്നു എന്നാൽ അതുണ്ടായില്ലന്നും റിപ്പോർട്ടിൽ വിമര്ശനമുണ്ട്. ശസ്ത്രക്രിയക്ക് വിധേയനായ 7 വയസുകാരന് എല്ലാ ചികിത്സയും പ്രത്യേക പരിഗണയോടെ നൽകുമെന്നും റീപോർട്ടിൽ പറയുന്നു. മൂക്കിലെ ദശ മാറ്റാൻ സർജറിക്കായി ആശുപത്രിയിൽ എത്തിയ കരുവാരക്കുണ്ട് സ്വദേശിയായ കുട്ടിയേയാണ് ആളുമാറി ഹെർ്ണിയയുടെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയക്ക് മുമ്പ് രോഗിയുടെ കൈയിലെ ടാഗിൽ എഴുതിയ പേര് മറ്റൊരു രോഗിയുമായി സാമ്യം വന്നതാണ് ആളു മാറാൻ കാരണമായത്.