video
play-sharp-fill

പള്ളിലച്ചനാക്കാൻപോയ പാട്ടുകാരൻ: പഠനം പൂർത്തിയാക്കാതെ വീണ്ടും സംഗീതത്തിലേക്ക്: മുഹമ്മദ് റാഫിയും കിഷോർ കുമാറും ലതാമങ്കേഷ്ക്കറും പാടി അനശ്വരമാക്കിയ ഒട്ടേറെ ഹിന്ദി ഗാനങ്ങളുടെ പുറകിൽ ഈ മലയാളി സംഗീതജ്ഞന്റെ അദൃശ്യമായ കരങ്ങൾ കൂടി ഉണ്ടായിരുന്നു: മലയാള ചലച്ചിത്ര സംഗീതത്തിന് പുതിയ ദിശാബോധം നൽകിയ ജെറി അമൽദേവിന്റെ ജന്മദിനമാണിന്ന്

പള്ളിലച്ചനാക്കാൻപോയ പാട്ടുകാരൻ: പഠനം പൂർത്തിയാക്കാതെ വീണ്ടും സംഗീതത്തിലേക്ക്: മുഹമ്മദ് റാഫിയും കിഷോർ കുമാറും ലതാമങ്കേഷ്ക്കറും പാടി അനശ്വരമാക്കിയ ഒട്ടേറെ ഹിന്ദി ഗാനങ്ങളുടെ പുറകിൽ ഈ മലയാളി സംഗീതജ്ഞന്റെ അദൃശ്യമായ കരങ്ങൾ കൂടി ഉണ്ടായിരുന്നു: മലയാള ചലച്ചിത്ര സംഗീതത്തിന് പുതിയ ദിശാബോധം നൽകിയ ജെറി അമൽദേവിന്റെ ജന്മദിനമാണിന്ന്

Spread the love

കോട്ടയം: ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ കുലപതി
എന്ന് വിശേഷിപ്പിക്കാവുന്ന നൗഷാദിന്റെ സഹായിയായി പ്രവർത്തിക്കുവാനുള്ള അപൂർവ്വഭാഗ്യം ലഭിച്ച
ഒരു മലയാളി .
മുഹമ്മദ് റാഫിയും കിഷോർ കുമാറും ലതാമങ്കേഷ്ക്കറും പാടി അനശ്വരമാക്കിയ ഒട്ടേറെ ഹിന്ദി ഗാനങ്ങളുടെ പുറകിൽ

ഈ മലയാളി സംഗീതജ്ഞന്റെ അദൃശ്യമായ കരങ്ങൾ കൂടി ഉണ്ടായിരുന്നു
എന്നറിയുന്നത് ഏറെ കൗതുകകരമായിരിക്കുമല്ലോ ?
മോഹൻലാൽ എന്ന മഹാനടനേയും ഫാസിൽ എന്ന ചലച്ചിത്ര സംവിധായകനേയും ,
പൂർണ്ണിമജയറാം എന്ന നായികയേയും കേരളക്കരക്ക് സമ്മാനിച്ച ” മഞ്ഞിൽ വിരിഞ്ഞ പൂക്കളി” ലൂടെ മലയാള ചലച്ചിത്ര സംഗീതത്തിന് പുതിയ ദിശാബോധം നൽകിയ ജെറി അമൽദേവാണ് നൗഷാദിന്റെ പ്രിയ ശിഷ്യനായ ആ മലയാളി സംഗീതജ്ഞൻ .
കൊച്ചിയിലെ നസ്രേത്ത് പള്ളിയിലെ ചവിട്ടാർമോണിയത്തിലൂടെ ഒഴുകി വന്നിരുന്ന സംഗീതത്തിന്റെ

രാഗവീചികളും പള്ളിപ്പാട്ടും കേട്ടുകൊണ്ടാണ് ജെറി അമൽ ദേവിന്റെ ബാല്യകാലം ആരംഭിക്കുന്നുത്.
സ്കൂൾ പഠനകാലത്ത് തന്നെ നോട്ടേഷനുകൾ സ്വയം അഭ്യസിച്ച് ഒട്ടേറെ ഗാനങ്ങൾക്ക് സംഗീതം നൽകി കൊച്ചിയിലെ പല ഓർക്കസ്ട്രഗ്രൂപ്പുകളിലും ജെറി അമൽദേവ് സജീവമായിരുന്നു .
എന്നാൽ ഇടയ്ക്കെപ്പോഴോ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മീയ ജീവിതത്തിന്റെ പാത തിരഞ്ഞെടുത്തുകൊണ്ട്
വൈദിക പഠനത്തിനായി ഈ സംഗീതപ്രതിഭ ഇൻഡോറിലേക്ക് വണ്ടി കയറി .
സെമിനാരിയിൽ വൈദിക പഠനം നടത്തുമ്പോഴും ഈ ചെറുപ്പക്കാരന്റെ മനസ്സുനിറയെ സംഗീതമായിരുന്നു.
അവസാനം സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് സെമിനാരിയിൽ നിന്നും പുറത്തിറങ്ങി നേരെ
ചെന്നു പെട്ടത് നൗഷാദിന്റെ സംഗീത സാമ്രാജ്യത്തിലേയ്ക്ക് .

അഞ്ചുവർഷത്തോളം നൗഷാദിന്റെ സഹായിയായി ഒട്ടേറെ ഹിന്ദി ഗാനങ്ങളെ അണിയിച്ചൊരുക്കിയ ജെറി അമൽദേവ് പിന്നീട് അമേരിക്കയിലെത്തുകയും
സേവ്യർ യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു.
പിന്നീട് സംഗീതസംവിധാനത്തിൽ
മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് ബിരുദം കരസ്ഥമാക്കി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ മ്യൂസിക് കണ്ടക്ടറായി നേടിയെടുത്ത പരിചയ സമ്പത്തുമായാണ് ജെറി അമൽ ദേവ് നാട്ടിലെത്തുന്നത്.

നാട്ടിലെത്തിയ ജെറി അമൽ ദേവിനെ സംവിധായകൻ ഫാസിൽ “മഞ്ഞിൽ വിരിഞ്ഞ പൂക്കളി” ലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഇന്നലെകളുടെ ചരിത്രം .
മലയാള സിനിമയ്ക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു മഹാനടനെ സംഭാവന ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഗാനങ്ങൾ അതുവരേയ്ക്കും മലയാള ചലച്ചിത്ര വേദി കേൾക്കാത്ത ഒരു പ്രത്യേക അനുഭൂതി ആസ്വാദകർക്ക് പകർന്നു നൽകി.
എസ് ജാനകി പാടി അനശ്വരമാക്കിയ

” മഞ്ഞണിക്കൊമ്പിൽ
ഒരു കിങ്ങിണിക്കൊമ്പിൽ …”

എന്ന ദുഃഖ സാന്ദ്രമായ ഗാനം കേരളം മുഴുവൻ ഏറ്റുപാടി.
ചിത്രത്തിലെ

“മഞ്ചാടിക്കുന്നിൽ മണി
മുകിലുകൾ ദൂരെ …”

എന്ന ഗാനവും
“മിഴിയോരം നനഞ്ഞൊഴുകും..”
എന്നീ ഗാനങ്ങൾക്കെല്ലാം അനുഭവപ്പെട്ട പുത്തൻ ശൈലി മലയാള സിനിമയിലെ ഗാനരംഗത്ത് ഒരു നവോന്മേഷം തന്നെ സൃഷ്ടിച്ചു.
ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാന പുരസ്ക്കാരം ജെറി അമൽദേവിനാണ് ലഭിച്ചത്.

ഇന്നും തിരിഞ്ഞുനോക്കുമ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഗാനങ്ങളുടെ മനോഹാരിത ഏതൊരു സംഗീതപ്രേമിയേയും
ആ സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മകളിലേക്ക് നയിക്കും.
പിന്നീട് പുറത്തുവന്ന ഫാസിലിന്റെ തന്നെ ചിത്രങ്ങളായ ധന്യ ,എന്നെന്നും കണ്ണേട്ടന്റെ , മാമാട്ടിക്കുട്ടിയമ്മ , നോക്കെത്താത്ത ദൂരത്ത് കണ്ണുംനട്ട് എന്നീ ചിത്രങ്ങളിലും ജെറി അമൽദേവ് തന്നെയായിരുന്നു സംഗീത സംവിധായകൻ.

“കൊഞ്ചും ചിലങ്കേ …. “( ധന്യ )
പൂവട്ടക തട്ടിച്ചിന്നി
പൂമലയിൽ പുതുമഴച്ചിന്നി …. ”
“ദേവദുന്ദുഭി സാന്ദ്രലയം…”
(എന്നെന്നും കണ്ണേട്ടന്റെ )
“ആളൊരുങ്ങി അരങ്ങൊരുങ്ങി
ആയിരം തേരൊരുങ്ങി …. ”
” കണ്ണോട് കണ്ണോരം നീ കനിമലരല്ലേ ….. ”
“മൗനങ്ങളേ ചാഞ്ചാടുവാൻ …. ”

( എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് )
” ആയിരം കണ്ണുമായ്
കാത്തിരുന്നു നിന്നെ ഞാൻ …”
(നോക്കെത്താദൂരത്ത് കണ്ണും നട്ട്) തുടങ്ങിയ ഗാനങ്ങൾ മലയാളികൾ മനസ്സുകൊണ്ട് ഏറ്റെടുക്കുകയായിരുന്നു.
നിർമ്മാണം നിലച്ചുപോയ “കാട്ടുപോത്ത് ” എന്ന ചിത്രത്തിൽ
പി ഭാസ്കരനും ജെറി അമൽദേവും അണിയിച്ചൊരുക്കിയ

“പൂവല്ല പൂന്തളിരല്ല
മാനത്തെ മഴവില്ലല്ല
മണ്ണിലേയ്ക്കു വിരുന്നു വന്ന മധുചന്ദ്രലേഖ
ഇവളെൻ മനസ്സിൻ
തന്ത്രികൾ മീട്ടും വീണാഗായികാ ….”

എന്ന ഗാനം
ഇന്നും ഗാനമേള സദസ്സുകളെ പുളകം കൊള്ളിക്കാറുണ്ട് .

“പെണ്ണിന്റെ ചെഞ്ചുണ്ടിൽ … ”
(ഗുരുജീ ഒരു വാക്ക് )
“പരിപ്പുവട തിരുപ്പൻ കെട്ടിയ ചെറുപ്പക്കാരത്തി …”
(ദ്വന്ദ്വയുദ്ധം )
“അത്തപ്പൂവും നുള്ളി … ”
(പുന്നാരം ചൊല്ലി ചൊല്ലി )
“ഭൂമി കറങ്ങുന്നുണ്ടോടാ …”

( ഒപ്പം ഒപ്പത്തിനൊപ്പം )
” പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം ..”
( സന്മനസ്സുള്ളവർക്ക് സമാധാനം )
തുടങ്ങിയവയെല്ലാമാണ് ജെറി അമൽ ദേവിന്റെ മറ്റു പ്രശസ്ത ഗാനങ്ങൾ .
1939 ഏപ്രിൽ 15ന് വി.സി ജോസഫിന്റെയും എം.ഡി മേരിയുടേയും മകനായി കൊച്ചിയിൽ ജനിച്ച ജെറോം തോമസ് എന്ന ജെറി അമൽദേവിന്റെ ജന്മദിനമാണിന്ന്.
ലോകത്തെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷങ്ങളിൽ മുഴുകവേ കണിക്കൊന്നപൂക്കളുടെ സ്വർണ്ണനിറമാർന്ന പൂവട്ടക തട്ടിച്ചിന്നിച്ച് മലയാളത്തിൽ അനശ്വര ഗാനങ്ങളുടെ പൂമലകൾ തീർത്ത പ്രിയ സംഗീതസംവിധായകന് ജന്മദിനാശംസകൾ നേരുന്നു.