
കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലിൽ എത്തും; മുനമ്പം വിഷയത്തിൽ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം കോൺഗ്രസും സിപിഐഎമ്മും ശക്തമാക്കുന്നതിനിടയിലാണ് സന്ദർശനം
തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതോടെ മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഇന്ന് മുനമ്പം സമരപ്പന്തലിൽ കേന്ദ്രമന്ത്രി കിരൺ റിജിജു എത്തും.
എൻഡിഎയുടെ ‘അഭിനന്ദൻ സഭ’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് എത്തുന്നത്. ബിജെപി രാഷ്ട്രീയ നേട്ടത്തിനായി മുനമ്പം വിഷയത്തെ ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസും സിപിഎമ്മും ശക്തമാകുന്നതിനിടയാണ് ഈ സന്ദർശനം.
11.20 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന മന്ത്രി വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലുമായി കൂടിക്കാഴ്ച നടത്തും. എറണാകുളം താജ് വിവാന്തയിലെ വാർത്ത സമ്മേളനത്തിനുശേഷം അഞ്ചുമണിയോടെ മുനമ്പം സമരപ്പന്തലിൽ മന്ത്രി എത്തും. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ഉണ്ടാകും. നിയമഭേദഗതിക്ക് പിന്നാലെ മുനമ്പം നിവാസികളായ 50 ഓളം പേർ ബിജെപിയിൽ ചേർന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിയമം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കക്ഷിചേരാൻ സംസ്ഥാനങ്ങൾ അപേക്ഷ നൽകി. മറ്റന്നാൾ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. അസം, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളാണ് രംഗത്തെത്തിയത്.