video
play-sharp-fill

വയോധികരായ രോഗികളെ ‘അജ്ഞാത’രാക്കി ആശുപത്രികളില്‍ ഉപേക്ഷിക്കുന്നത് കൂടുന്നു; കോട്ടയം മെഡിക്കല്‍ കോളേജില്‍ 2025-ല്‍ ഇതുവരെ 19 രോഗികളെയാണ്  ബന്ധുക്കള്‍ ഉപേക്ഷിച്ച്‌ മുങ്ങിയത്

വയോധികരായ രോഗികളെ ‘അജ്ഞാത’രാക്കി ആശുപത്രികളില്‍ ഉപേക്ഷിക്കുന്നത് കൂടുന്നു; കോട്ടയം മെഡിക്കല്‍ കോളേജില്‍ 2025-ല്‍ ഇതുവരെ 19 രോഗികളെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ച്‌ മുങ്ങിയത്

Spread the love

കോട്ടയം: വയോധികരായ രോഗികളെ ആശുപത്രികളില്‍ ഉപേക്ഷിക്കുന്നത് കൂടുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 2025-ല്‍ ഇതുവരെ 19 രോഗികളെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ച്‌ മുങ്ങിയത്.

 

ഇവരുടെ സംസ്കാരം അടക്കമുള്ളവ നടത്തിയത് മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തിലാണ്. ആളുകള്‍ ഒപ്പംനിന്ന് പരിചരിക്കേണ്ട സ്ഥിതിയിലുള്ളവരെയാണ് ഉപേക്ഷിച്ച്‌ വേണ്ടപ്പെട്ടവർ പോകുന്നത്.

 

ഈ 19 പേരുടെയും ബന്ധുക്കള്‍, മരണവും സംസ്കാരവും കഴിഞ്ഞ് ആശുപത്രിയിലെത്തി മരണസർട്ടിഫിക്കറ്റിനുള്ള രേഖകള്‍ വാങ്ങി. ഈ സർട്ടിഫിക്കറ്റുപയോഗിച്ച്‌ പരേതന്റെ സ്വത്തില്‍ അവകാശം സ്ഥാപിക്കുകയാണ് ബന്ധുക്കളുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഉദ്ദേശം 80 വയസ്സുള്ള സ്ത്രീയെ രണ്ടാഴ്ച മുമ്ബ് നാലുബന്ധുക്കളാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. രോഗിയെ വാർഡില്‍ ഉപേക്ഷിച്ച്‌ ബന്ധുക്കള്‍ സ്ഥലംവിട്ടു.

 

അഡ്മിഷൻ ബുക്കില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്ബർ സ്വിച്ചോഫ് ആയിരുന്നു. രണ്ടുദിവസം കാത്തു. പിന്നെ, രോഗിയെ ജീവനക്കാർ നോക്കി. ജനറല്‍ മെഡിസിൻ വിഭാഗം വാർഡില്‍ എത്തിച്ചപ്പോള്‍ ബോധം വന്നു. അപ്പോഴും വിലാസം ശരിയായി പറഞ്ഞില്ല. അതോടെ രോഗി ‘അജ്ഞാതയായി’ തുടർന്നു. മൂന്ന് ദിവസത്തിനുശേഷം മരിച്ചു. മൃതദേഹം മോർച്ചറിയിലാക്കി. പോലീസ് പത്രവാർത്ത നല്‍കി. നിയമനടപടി പൂർത്തിയാക്കി സംസ്കരിച്ചു. സംസ്കരിച്ചതിന്റെ രണ്ടാം ദിവസം അമ്മയെ തേടി ‘ഉറ്റവർ’ എത്തി. രേഖകളും തെളിവുകളും ഹാജരാക്കി പോസ്റ്റ്മോർട്ടം/മരണ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങി.

 

പല അനുഭവം ആയതോടെ എല്ലാം കഴിഞ്ഞ് ‘തേടിവരുന്ന’ ബന്ധുക്കളെ കുടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. വ്യാജവിലാസം നല്‍കിയത് അടക്കമുള്ള പ്രശ്നങ്ങളില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ വരുന്ന രോഗിയുടെ ആധാർ പകർപ്പ് ചോദിക്കില്ലെങ്കിലും പ്രവേശിപ്പിച്ചുകഴിഞ്ഞാല്‍ ഇത് വാങ്ങിവയ്ക്കും.

 

ഏപ്രിലില്‍ ഇതുവരെ 129 രോഗികളാണ് അനാഥരും അജ്ഞാതരുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. വഴിയില്‍ അവശരായി കണ്ടെത്തി പോലീസും പഞ്ചായത്ത് അധികൃതരും എത്തിച്ചവരുള്‍പ്പെടെയാണിത്. ഇതില്‍ 50 ശതമാനംപേരെ ആദ്യത്തെ ആറുമണിക്കൂറിനുള്ളില്‍ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.

 

15 ശതമാനത്തോളം പേർ അനാഥരാണ്. 35 ശതമാനം പേർ ബന്ധുക്കള്‍ ‘അജ്ഞാത’രാക്കിയവരും. 13 അനാഥ, അജ്ഞാത മൃതദേഹങ്ങള്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജ് മോർച്ചറിയിലുണ്ട്.