കൊല്ലം: മുൻ ഗവ. സീനിയർ പ്ലീഡർ പിജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ. മനു കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി സഹപ്രവർത്തകനായ ആളൂർ പറഞ്ഞു. പീഡനക്കേസിൽ യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പമെത്തി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് പിജി മനു മാനസികമായി തകർന്നതെന്ന് ആളൂർ പ്രതികരിച്ചു.
ഇന്നലെയാണ് കൊല്ലത്തെ വാടകവീട്ടിൽ മനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതിജീവിതയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മനുവിന് വീണ്ടും ജയിലിൽ പോകേണ്ടി വരുമെന്ന ഭയം ഉണ്ടായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമനടപടിയുമായി നീങ്ങും. പിജി മനുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകും.
ഡോ വന്ദനദാസ് കുത്തേറ്റുമരിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകനായ മനു തുടർവാദത്തിന് തയ്യാറെടുക്കവേയാണ് അപ്രതീക്ഷിത മരണമെന്നും ആളൂർ പറഞ്ഞു. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് പിജി മനു. ജാമ്യത്തിൽ തുടരവെ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ടും പീഡന ആരോപണം ഉയർന്നു. ഇതില്‍ യുവതിയോടും കുടുംബത്തോടും അഭിഭാഷകൻ മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അന്വേഷണ സംഘം ഉടൻ മൊഴിയെടുക്കും. പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻഐഎ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു.
കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍.
കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്. കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്.
അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.