
‘കോളുകൾ ചെയ്യാൻ കഴിയുന്ന പോക്കറ്റ് സ്മാർട്ട് ക്യാമറ’; വിവോ എക്സ്200 അൾട്ര ഏപ്രിൽ 21ന് പുറത്തിറങ്ങും
ബെയ്ജിങ്: ഏപ്രിൽ 21ന് ചൈനയിൽ എക്സ്200 അൾട്ര (Vivo X200 Ultra) പുറത്തിറങ്ങുമെന്ന് വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോഞ്ചിന് മുന്നോടിയായി കമ്പനി ഇതിന്റെ ചില വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്. വിവോ വൈസ് പ്രസിഡന്റ് ഹുവാങ് താവോ ഈ ഫോണിനെ ‘കോളുകൾ ചെയ്യാൻ കഴിയുന്ന പോക്കറ്റ് സ്മാർട്ട് ക്യാമറ’ എന്ന് വിശേഷിപ്പിച്ചു. ഇത് എക്സ്200 അൾട്ര ക്യാമറ പ്രകടനത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂചിപ്പിക്കുന്നു.
ഡിസൈനിന്റെ കാര്യത്തിൽ വിവോ എക്സ്200 അൾട്ര മൂന്ന് ഷേഡുകളിൽ എത്തും. അവയ്ക്ക് തനതായ പാറ്റേണുകൾ ലഭിക്കും. ഫോണിന്റെ മൂന്ന് പിൻ പാനലുകൾക്കും ഗ്ലാസ് ഉപയോഗിക്കും. ഇത് ഫോണിന് പ്രീമിയം രൂപം നൽകുന്നു. എക്സ്200 അൾട്രയിൽ രണ്ട് 50-മെഗാപിക്സൽ സോണി എല്‍വൈറ്റി-818 സെൻസറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്ന് പ്രൈമറി ക്യാമറയ്ക്കും മറ്റൊന്ന് അൾട്രാ-വൈഡ് ഷോട്ടുകൾക്കുമായി ഉപയോഗിക്കും.
കൂടാതെ, സാംസങിന്റെ ഐസോസെല്‍ എച്ച്പി9 സെൻസർ ഉപയോഗിക്കുന്ന 200-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ലഭിക്കും. ഇത് നൈറ്റ് ഫോട്ടോഗ്രാഫിയും ചിത്രങ്ങളുടെ വ്യക്തതയും കൂട്ടും. 35 എംഎം, 50 എംഎം, 85 എംഎം, 135 എംഎം എന്നിങ്ങനെ ഫോണിന് വിവിധ ക്ലാസിക് പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത് ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവോ എക്സ്200 അൾട്രയിൽ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എക്സ്200 പ്രോയിൽ നിന്ന് വ്യത്യസ്തമായി, അൾട്ര മോഡലിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പൊടി, ജല പ്രതിരോധത്തിനായി ഐപി68, ഐപി69 റേറ്റിംഗുകളുള്ള ഈ ഉപകരണം 90 വാട്സ് വയർഡ്, 30 വാട്സ് വയർലെസ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000 എംഎഎച്ച് ബാറ്ററിയും ഉണ്ടാകാനും സാധ്യതയുണ്ട്.
വിവോ എക്സ്200 അൾട്ര ഈ മാസം അവസാനം ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ ഉൾപ്പെടെ ആഗോളതലത്തിൽ എപ്പോൾ പുറത്തിറങ്ങുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.