തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ മന്ത്രി വി. ശിവൻ കുട്ടി. പിണറായിയുടെ പേര് സർക്കാരിനൊപ്പം ചേർത്ത് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ലെന്നും കേസ് കൈകാര്യം ചെയ്യാൻ വീണാ വിജയന് അറിയാമെന്നും വി.
ശിവൻകുട്ടി പറഞ്ഞു. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടതുമുന്നണി യോഗത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വീണാ വിജയന്റെ പേരില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ കേന്ദ്ര ഏജൻസികള്‍ കേസെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷം പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വീണാ വിജയന്റെ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. അദ്ദേഹം പറയേണ്ടിയിരുന്നത് എല്‍ഡിഎഫ് യോഗത്തിലായിരുന്നു.
അതുമാത്രമല്ല, പിണറായി സർക്കാർ എന്ന് പറയാൻ പാടില്ല എന്നാണ് ബിനോയ് വിശ്വത്തിൻ്റെ പുതിയ കണ്ടുപിടിത്തം. ബിനോയ് വിശ്വം മുഖ്യമന്ത്രിയായാലും, ബിനോയ് വിശ്വം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന് തന്നെ ആയിരിക്കും പറയുക. അതിലൊന്നും അസൂയയുടേയും കുശുമ്പിന്റെയും ആവശ്യമില്ല’, വി ശിവൻകുട്ടി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീണാ വിജയനെതിരായ എക്സാലോജിക് കുറ്റപത്രം സിപിഐയുടെ വിഷയമല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. വീണാ വിജയന്റെ കേസും മുഖ്യമന്ത്രിയുടെ കേസും രണ്ടും രണ്ടാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിക്കൊപ്പം കൂടെ നില്‍ക്കും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കാര്യങ്ങള്‍ സിപിഐയുടെ വിഷയമല്ലെന്നും ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.