
കോട്ടയം മണർകാട് മേഖലയിൽ വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നതായി പരാതി; നിസഹായ അവസ്ഥയിൽ കെണിയിൽപ്പെടുന്നത് വീട്ടമ്മമ്മാരും ഇടത്തരം കുടുംബനാഥന്മാരും; ഒരു തവണ അടവ് മുടങ്ങുകയോ വൈകുകയോ ചെയ്താൽ ഭീഷണിയും അസഭ്യവും; പോലീസ് സജീവമായപ്പോൾ മാളത്തിലൊളിച്ച പല സംഘങ്ങളും ഇപ്പോൾ സജീവം; പിന്നിൽ അധികാര സ്ഥാനത്തുള്ള പലരുടെയും പിന്തുണ
മണർകാട്: കോട്ടയം മണർകാട് മേഖലയിൽ ബ്ലേഡ് മാഫിയ ചൂഷണം ചെയ്യുന്നതായി പരാതി. സാധാരണക്കാരായ ജനങ്ങളെ ഒന്നിലേറെ സംഘങ്ങളുടെ പിരിവുകാർ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ആയിരം രൂപ മുതൽ ലക്ഷങ്ങൾ വരെ നൽകുന്ന ഇത്തരം സംഘങ്ങളുടെ ഇടപാടുകൾ പല കുടുംബങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്.
വീട്ടമ്മമ്മാരും ഇടത്തരം കുടുംബനാഥന്മാരുമാണ് ഇത്തരക്കാരുടെ കെണിയിൽപ്പെടുന്നത്. ചെറുകിട സംഘങ്ങളാണു മേഖലയിൽ വിലസുന്നവരിലേറെയും. ബ്ലാങ്ക് ചെക്കു വാങ്ങിയും അല്ലാതെയും പണം കടം കൊടുക്കുന്ന സംഘം ഒരു തവണ അടവ് മുടങ്ങുകയോ, വൈകുകയോ ചെയ്താൽ ഭീഷണിയുമായി രംഗത്തെത്തുകയാണ്. അസഭ്യം പറയുന്നതും ഭീഷണി മുഴക്കുന്നതും പതിവാകുകയാണ്.
വൻ ബ്ലേഡ് ഇടപാടുകാരുടെ പണമാണു ചെറുകിട സംഘങ്ങൾ വിതരണം ചെയ്യുന്നത്. വൻ സംഘങ്ങൾ നിസാര പലിശയ്ക്കു വൻ തുക വാങ്ങി, ഭീമൻ പലിശയ്ക്കു ചെറിയ സംഘങ്ങൾ വഴി വിതരണം ചെയ്യുകയാണ്. അധികാര സ്ഥാനത്തുള്ള പലരുടെയും പിന്തുണ ഇത്തരക്കാർക്കു ലഭിക്കുന്നതായും ആക്ഷേപമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കേ, ആരംഭിച്ച ഓപ്പറേഷൻ കുബേര മുഖേന ഇത്തരം ബ്ലേഡ് മാഫിയ സംഘങ്ങളെ അമർച്ച ചെയ്തിരുന്നു. തുടർന്നു രഹസ്യമായി നടത്തിയിരുന്ന ഇടപാടുകളാണ് ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്.
നേരത്തെ തമിഴ്സംഘങ്ങളും ഇടവേളയ്ക്കു ശേഷം ഗ്രാമപ്രദേശങ്ങളിൽ പണവിതരണം വീണ്ടും സജീവമായിരിക്കുകയാണ്. നേരത്തെ പോലീസ് സജീവമായപ്പോൾ മാളത്തിലൊളിച്ച പല സംഘങ്ങളും ഇപ്പോൾ ഇടപാടുകൾ സജീവമാക്കിയിട്ടുണ്ട്.
നിസഹായ അവസ്ഥയിലാണ് പലരും ഇത്തരം സംഘങ്ങളെ സമീപിക്കുന്നത്. ഭൂരിഭാഗം പേരും കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്യും. അപ്രതീക്ഷിത തിരിച്ചടികളാണ് ഒന്നോ രണ്ടോ തവണ തിരിച്ചടയ്ക്കാൻ വൈകുന്നവരെയാണ് ഇവർ ഭീഷണിപ്പെടുത്തുന്നത്.