
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കി കേരള വെറ്ററിനറി സര്‍വകലാശാല
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥ് മരിച്ച കേസില്‍ പ്രതികളായ 19 വിദ്യാർത്ഥികളെ കേരള വെറ്ററിനറി സർവകലാശാല പുറത്താക്കി.
ഇക്കാര്യം സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു. 19 വിദ്യാർത്ഥികളും കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും സർവകലാശാല കോടതിയെ അറിയിച്ചു. 19 പേർക്കും മറ്റ് ക്യാമ്ബസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്ത് സിദ്ധാർത്ഥിന്റെ അമ്മ എം ആർ ഷീബ നല്കിയ ഹർജിയിലാണ് മറുപടി.
2024 ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റല്‍ ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നുതന്നെ സിദ്ധാർത്ഥിന്റെ മരണത്തില്‍ ആരോപണം ഉയർന്നിരുന്നുവെങ്കിലും സിദ്ധാർത്ഥിന്റെ കുടുംബം ദിവസങ്ങള്‍ക്ക് ശേഷം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങള്‍ നീണ്ട ക്രൂരമായ മർദ്ദനങ്ങള്‍ക്കും മാനസിക പീഡനത്തിനും ശേഷമാണ് സിദ്ധാർത്ഥൻ തൂങ്ങി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, മകന്റെ മരണം കൊലപാതകമാണെന്നാണ് പിതാവ് ജയപ്രകാശ് ആരോപിച്ചത്. തുടർന്ന് ആദ്യം ലോക്കല്‍ പൊലീസും പിന്നീട് സി.ബി.ഐയും കേസന്വേഷിച്ചു. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയില്ലെങ്കിലും സിദ്ധാർത്ഥൻ നേരിട്ടത് ക്രൂര പീഡനങ്ങളാണെന്ന് ഇരുഅന്വേഷണ സംഘങ്ങള്‍ക്കും ബോദ്ധ്യമായി. സി.ബി.ഐ പ്രാഥമികാന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചതിന് പിന്നാലെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 19 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. റാഗിംഗ്, ആത്മഹത്യാ പ്രേരണ, മർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.