
സംസ്ഥാനത്ത് ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും ഉത്പാദിപ്പിക്കാൻ അനുമതി; ഡിസ്റ്റിലറികളും ബ്രൂവറികളും സ്‌പിരിറ്റ് നിർമാണ യൂണിറ്റുകളും തുടങ്ങുന്നതിനും തടസ്സമില്ല; എലപ്പുള്ളിയിലെ മദ്യനിർമാണ കേന്ദ്രത്തിന് അനുമതി നൽകിയതിനെയും ന്യായീകരിച്ച് പുതിയ മദ്യനയം
തിരുവനന്തപുരം: സംസ്ഥാനത്ത് യഥേഷ്‌ടം ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതാണ് പുതിയ മദ്യനയം. ഡിസ്റ്റിലറികളും ബ്രൂവറികളും സ്‌പിരിറ്റ് നിർമാണ യൂണിറ്റുകളും തുടങ്ങുന്നതിന് തടസ്സമില്ല.
പാലക്കാട് എലപ്പുള്ളിയിലെ വിവാദ മദ്യനിർമാണ കേന്ദ്രത്തിന് അനുമതി നൽകിയതിനെ നയം ന്യായീകരിക്കുന്നു. എലപ്പുള്ളിയിലേതുപോലെ യോഗ്യതയുള്ളവർക്ക് ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അപേക്ഷിക്കാമെന്ന് മദ്യനയത്തിൽ എടുത്ത് പറയുന്നുണ്ട്.
മദ്യനയത്തിൽ ഉൾക്കൊള്ളിക്കാതെ ബ്രൂവറി-ഡിസ്റ്റിലറികൾക്ക് അനുമതി നൽകിയതാണ് ഒന്നാം പിണറായി സർക്കാരിനെ കുഴക്കിയത്. ഇത് പരിഹരിക്കാനുള്ള വഴികൾ രണ്ടാം പിണറായി സർക്കാരിൻ്റെ മദ്യനയങ്ങളിൽ ഘട്ടംഘട്ടമായി ഇടം പിടിക്കുന്നുണ്ട്. സമ്പൂർണ മദ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കും വിധമായി മദ്യനയത്തെ മാറ്റാൻ ഇതോടെ സർക്കാരിന് കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന പ്രഖ്യാപനത്തിനൊപ്പമാണ് 2022-’23-ലെ മദ്യനയത്തിൽ സംസ്ഥാനത്ത് സ്‌പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ അനുമതി നൽകിയത്. എന്നാൽ, ഡിസ്റ്റിലറികളെക്കുറിച്ച് വ്യക്തമായ പരാമർശമില്ലായിരുന്നു. ഈ പിഴവ് പരിഹരിച്ച് 2023-’24-ലെ മദ്യനയത്തിൽ എക്‌സ്ട്രാ ന്യൂട്രൽ ആൾക്കഹോൾ (സ്പിരിറ്റ്) നിർമ്മാണത്തിന് തയ്യാറാകുന്ന ഡിസ്റ്റിലറികൾക്കും പുതിയ യൂണിറ്റുകൾക്കും അനുമതി നൽകുമെന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചു.
പുതിയ മദ്യനയം ഈ രണ്ടു തീരുമാനങ്ങളും നിലനിർത്തുന്നു. ഐടി പാർക്കുകളിൽ വിദേശമദ്യം വിളമ്പുന്നതിന് 2022-’23-ലെ മദ്യനയത്തിലാണ് അനുമതി നൽകിയത്. വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പാൻ 2023-24-ലും അനുമതി നൽകി.