
വയനാട്ടിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി ; നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തു, റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കുത്തിമറിച്ചിട്ടു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കല്പറ്റ: വയനാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ഭീതി പടർത്തി. ഇന്നലെ കാട്ടിക്കുളം- പനവല്ലി റോഡിലെ കപ്പിക്കണ്ടിയിൽ കാട്ടാനയിറങ്ങിയത്. റോഡിൽ നിന്ന് ഉയരത്തിലുള്ള കാപ്പിത്തോട്ടത്തിൽ കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയതിനെ തുടർന്ന് റോഡിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. കാപ്പിത്തോട്ടത്തിലെ ഫെൻസിങ് തകർത്ത ആന റോഡിലേക്ക് ഇറങ്ങി റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കുത്തിമറിച്ചിട്ടു.
സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്നാണ് ആന റോഡിന്റെ താഴ്ചയിലുള്ള കാപ്പിത്തോട്ടത്തിലേക്ക് ഇറങ്ങിപ്പോയത്. ഇതുവഴി വരികയായിരുന്ന പനവല്ലിയിലെ സജേഷ് ആനയുടെ മുന്നിലകപ്പെട്ടു. പിന്നാലെ ആന ഓടിവരുന്നതു കണ്ട് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ സജേഷ് വീണു. സജേഷിനു തൊട്ടടുത്ത് ആനയെത്തിയെങ്കിലും പിന്മാറിയതിനാൽ തലനാരിഴയ്ക്ക് ഇയാൾ രക്ഷപ്പെട്ടു.
വിവരമറിയിച്ചതിനെ തുടർന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ആർആർടി സംഘം ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ആനയെ റസൽകുന്നിലെ വനത്തിലേക്ക് തുരത്തി. ഭീതി പടർത്തിയ കൊമ്പൻ കഴിഞ്ഞ മൂന്നു മാസമായി പ്രദേശത്തുണ്ടെന്നും സ്ഥിരം ശല്യക്കാരനാണെന്നും പ്രദേശവാസികൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
