നാലു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്: രണ്ട് നിയമസഭാ മണ്ഡലത്തിൽ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിൽ ബിജെപി; കാത്തിരിക്കുന്നത് ഇനി വമ്പൻ പോരാട്ടങ്ങൾ

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ മറ്റൊരു രാഷട്രീയ പോരാട്ടത്തിന് കളമൊരുങ്ങുന്നു. പാർലമെന്റിലേയ്ക്ക് വിജയം ഉറപ്പിച്ച നാല് എംഎൽഎമാരുടെ മണ്ഡലത്തിൽ ഇനി ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഇതു കൂടാതെ നേരത്തെ തന്നെയുള്ള രണ്ട് മണ്ഡലങ്ങളിൽ കൂടി ഉപതിരഞ്ഞെടുപ്പ് നടക്കുന്നതോടെ കേരളത്തിൽ ഇനിയുള്ള കാലം രാഷ്ട്രീയ പോരാട്ടം കനക്കുമെന്ന് ഉറപ്പായി.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള ഫലം അനുസരിച്ച് നാല് എംഎൽഎമാരാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. വട്ടിയൂർക്കാവിലെ എംഎൽഎയായ കെ.മുരളീധരൻ വടകര നിയോജക മണ്ഡലത്തിൽ സിപിഎമ്മിന്റെ കരുത്തനായ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെയാണ് മലത്തിയടിച്ചിരിക്കുന്നത്. എറണാകുളത്തെ എംഎൽഎയായ ഹൈബി ഈഡൻ എറണാകുളം നിയോജക മണ്ഡലത്തിൽ പി.രാജീവിനെ പരാജയപ്പെടുത്തി പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ കോട്ടയായ ആറ്റിങ്ങലിൽ സിറ്റിംങ് എംപി എ.സമ്പത്തിനെ അട്ടിമറിച്ച അടൂർ പ്രകാശിന്റെ മണ്ഡലമായ കോന്നിയിൽ ഇനി ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഇതുകൂടാതെ സിപിഎമ്മിന്റെ ഏക സീറ്റായ അരൂരിലെ എംഎൽഎ എ.എം ആരിഫ് ആലപ്പുഴയിൽ നിന്നു വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അരൂർ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഇതുകൂടാതെയാണ് കെ.എം മാണിയുടെ നിര്യാണത്തോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുന്ന പാലായിലെയും, പി.ബി അബ്ധുൾ റസാഖിന്റെ നിര്യാണത്തോടെ ഒഴിവ് വന്ന മഞ്ചേശ്വരത്തെയും തിരഞ്ഞെടുപ്പിനും കളമൊരുങ്ങും. ഇതുകൂടാതെയാണ് അഴീക്കോട് മണ്ഡലത്തിലെ കോടതി വിധിയെ തുടർന്ന് കെ.എം ഷാജിയുടെ സ്ഥാനാർത്ഥിത്വം റദ്ദായത്.
ഇതിൽ രണ്ട് മണ്ഡലങ്ങളിൽ ബിജെപി വിജയ പ്രതീക്ഷ വയ്ക്കുന്നുണ്ട്. വട്ടിയൂർക്കാവിൽ ശക്തമായ പോരാട്ടം നടത്താനാവുമെന്നും വിജയിക്കാൻ സാധിക്കുമെന്നും ബിജെപി കണക്കു കൂട്ടുന്നു. മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ കുമ്മനം രാജശേഖരൻ തന്നെ ഇവിടെ സ്ഥാനാർത്ഥിയായി എത്തുമെന്നാണ് ലഭിക്കുന്ന സൂചന. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ നേരിയ വോട്ടിന് മാത്രം പരാജയപ്പെട്ട കെ.സുരേന്ദ്രൻ വീണ്ടും സ്ഥാനാർത്ഥിയായി രംഗത്ത് എത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഈ രണ്ടു സീറ്റുകളിലും വിജയിച്ച് കയറാനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
എന്നാൽ, നിലവിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭ ഉപതിരഞ്ഞെടുപ്പുകൾ ഇടതു മുന്നണിയ്ക്ക് ബാലികേറാമലയാകും. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കൂടിപരാജയപ്പെട്ടാൽ ഇടതു മുന്നണിയ്ക്ക് പിന്നീട് തിരിച്ചു കയറാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. ഇത് സർക്കാരിന്റെ ജനകീയ പിൻതുണ കൂടി മോശമാക്കുമെന്നാണ് സൂചന.