
പ്ലാവില്‍ ചക്ക വിരിഞ്ഞാൽ കൈ നിറയെ കാശ് ; മലയോരത്ത് ട്രെൻ്റിങ്ങായി ഇടിച്ചക്ക കച്ചവടം
മലയാളികൾ ഏറെ ഇഷ്ടപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നാണ് ചക്ക. എന്നാൽ ഇപ്പോഴിതാ ചക്ക വിളയാനും ചക്കപ്പഴം തിന്നാനും മലയോരത്തെ ജനങ്ങള്‍ കാത്തിരിക്കുന്നില്ല. പ്ളാവിലെ ചക്കയെല്ലാം മൂപ്പെത്തും മുന്നേ കച്ചവടമാക്കിയിരിക്കുകയാണ്.
ഇടിച്ചക്കയുടെ കച്ചവടമാണ് ഇപ്പോൾ തകൃതിയിൽ നടക്കുന്നത്. അധികം മൂപ്പെത്താത്ത ഇടിച്ചക്കയ്ക്ക് ഡിമാൻഡ് ഏറെയാണ്. ഇടിച്ചക്കകൊണ്ടുണ്ടാക്കുന്ന ബേബി ഫുഡ്, പൊടി എന്നിവയ്ക്ക് ആളുകളിൽ പ്രിയമേറിയതോടെ പ്ലാവില്‍ ചക്ക കായിടുമ്പോൾ തന്നെ കച്ചവടക്കാർ എത്തും. കയയുടെ എണ്ണമെടുത്ത് അഡ്വാൻസ് നല്കി കരാർ ഉറപ്പിക്കും. ചക്കയ്ക്ക് ഒന്നിന് 25 മുതല്‍ 35 രൂപ വരെ വിലയുണ്ട്.
പ്ലാവിലെ ചക്ക മുഴുവനായി കച്ചവടം ഉറപ്പിച്ച് പാകമാകും മുന്നേ പറിച്ച് വടക്കേ ഇന്ത്യയിലേക്ക് കയറ്റിവിടുകയും. കച്ചവടം ഉറപ്പിച്ച് ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം ലോറികളുമായി എത്തി പ്ലാവിലെ മൂപ്പെത്താത്ത ചക്ക മുഴുവനായി പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ എത്തിക്കുന്നു. അവിടെ നിന്നാണ് വടക്കേ ഇന്ത്യയിലേക്ക് കയറ്റി വിടുക. മറ്റെല്ലാ തൊഴില്‍ മേഖലകളിലും എന്നപോലെ ഇതര സംസ്ഥാനക്കാരാണ് പ്ലാവില്‍ കയറുന്നതും ചക്ക കച്ചവടം നടത്തുന്നതുമെല്ലാം. വിവിധ വിഭവങ്ങളായും ന്യൂട്രീഷനല്‍ ഫുഡായും ഇത് മാറ്റിയെടുക്കുന്നു.
നാട്ടിലിപ്പോൾ വിളഞ്ഞ ചക്കയ്ക്ക് നല്ല വിലയുണ്ട്. ചുളയുടെ എണ്ണം കണക്കാക്കിയാണ് വില ഈടാക്കുന്നത്. പ്രോട്ടീൻ കൂടുതല്‍ ഉള്ളതിനാല്‍ ചക്കക്കുരുവിനും ഇപ്പോള്‍ ഡിമാൻഡ് കൂടുതലാണ്.