
കൊച്ചി: ഗോകുലം ഗോപാലന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ഏപ്രിൽ 22ന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. വിദേശനാണയ വിനിമയച്ചട്ടലംഘനത്തിലെ(ഫെമ) തുടർ ചോദ്യംചെയ്യലിനാണ് ഗോകുലം ഗോപാലനെ ഇ.ഡി വീണ്ടും വിളിച്ചുവരുത്തുന്നത്.
കഴിഞ്ഞദിവസം ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഗോകുലം ഗോപാലനെ ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഫെമ നിയമം ലംഘിച്ച് പ്രവാസികളിൽനിന്ന് ചിട്ടികൾക്കായി പണം സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് 2022-ൽ ഇഡി കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
ഈ കേസിലെ തുടർനടപടികളാണ് ഇപ്പോൾ നടക്കുന്നത്. ചിട്ടികളിൽ ചേർത്ത പ്രവാസികളുടെ സമ്പൂർണവിവരങ്ങൾ ഹാജരാക്കണമെന്ന് ഇഡി ഗോകുലം ഗോപാലനോട് നിർദേശിച്ചിട്ടുണ്ട്. നേരത്തേ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പെൻഡ്രൈവിലാക്കി ഇഡിയ്ക്ക് നൽകിയിരുന്നു. എന്നാൽ, കൂടുതൽവിവരങ്ങൾ സമർപ്പിക്കണമെന്നാണ് ഇഡിയുടെ നിർദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവാസികളിൽനിന്ന് ചട്ടം ലംഘിച്ച് ഏകദേശം 593 കോടിയോളം രൂപ ചിട്ടികൾക്കായി സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിൽ 75 ശതമാനവും പണമായാണ് സ്വീകരിച്ചതെന്നും ഇഡി പറയുന്നു. അതേസമയം, ചിട്ടികൾ ചേർക്കുന്നസമയത്ത് ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ഇഡിയ്ക്ക് മുന്നിൽ ഗോകുലം ഗോപാലൻ നൽകിയ മൊഴിയെന്നാണ് വിവരം.
ചിട്ടി ചേർന്നതിന് ശേഷം വിദേശത്തുപോയ പലരും ഉണ്ടെന്നും കഴിഞ്ഞദിവസം മൊഴി നൽകിയതായും വിവരങ്ങളുണ്ട്.
നേരത്തേ ഗോകുലം ഗോപാലൻ്റെ ചെന്നൈയിലെയും കോഴിക്കോട്ടെയും ഓഫീസുകളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെ പലഘട്ടങ്ങളിലായി ഗോകുലം ഗോപാലനെ ഇഡി വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.