
കുമരകം ∙ കുണ്ടും കുഴിയുമായി കിടന്ന റോഡുകൾ പലതും മോടികൂട്ടി യാത്രക്കാരെ വരവേൽക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ റോഡുകൾ തകർന്നത് വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു.
കൊഞ്ചുമട– പള്ളിക്കായൽ റോഡ്
കൊഞ്ചുമട –പള്ളിക്കായൽ റോഡിന്റെ റീടാറിങ് ജോലി പൂർത്തിയായി.പഞ്ചായത്ത് നസ്രത്ത് 9–ാം വാർഡിലെ ഈ റോഡ് ടൂറിസം കേന്ദ്രമായ നാലുപങ്ക് ബോട്ട് ടെർമിനൽ ഭാഗത്തേക്ക് എത്താം. കൂടാതെ ഇവിടെയുള്ള ഒട്ടേറെ പാടശേഖരങ്ങളിലേക്ക് എത്തുന്ന കർഷകരുടെയും ഏക ആശ്രയമാണ്. ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ട നിലയിൽ റോഡ് തകർന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു. പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് അംഗം പി.കെ. സേതുവിന്റെ നിർദേശ പ്രകാരം അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ ടാറിങ് പൂർത്തിയാക്കിയത്.
എസ്ബിടി– ചാണാംചേരി റോഡ്
13–ാം വാർഡിലെ എസ്ബിടി– ചാണാംചേരി റോഡ് നവീകരണം നടന്നു. പഞ്ചായത്തിലെ വിവിധ പദ്ധതിയുടെ ഭാഗമായി ലഭിച്ച ഫണ്ടും എംപി ഫണ്ടിൽ നിന്നു ലഭിച്ച തുകയും ചേർത്തു 19 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നവീകരണം തുടങ്ങിയതെന്ന് വാർഡ് അംഗം ജോഫി ഫെലിക്സ് പറഞ്ഞു. ഇന്റർലോക്കും കോൺക്രീറ്റും ഉൾപ്പെടെ ചെയ്താണു റോഡ് നവീകരണം നടത്തിയത്. റോഡിന്റെ ബാക്കിയുള്ള നവീകരണം അടിയന്തരമായി പൂർത്തിയാക്കുമെന്ന് ജോഫി ഫെലിക്സ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുപ്പാലം– വായനശാല റോഡ്
പഞ്ചായത്ത് 10–ാം വാർഡിൽ ഉൾപ്പെട്ട കടുപ്പാലം– വായനശാല റോഡ് ടാറിങ് നടത്തി. സാമ്പത്തിക വർഷം പൂർത്തിയാകാനിരിക്കെയാണ് റോഡുകളുടെ നവീകരണം നടത്തിയത്. വാർഡിലെ എൽഎസ്ജിഡി വികസന പദ്ധതികൾ ഓരോന്നായി പൂർത്തിയായി വരുകയാണെന്ന് പഞ്ചായത്ത് അംഗം വി.എൻ. ജയകുമാർ പറഞ്ഞു. അട്ടിപ്പീടിക റോഡിൽ നിന്നു ഗവ. യുപി സ്കൂളിലേക്കുള്ള പ്രധാന റോഡിന്റെ ടാറിങ് ആണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. 2024 – 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെയ്ന്റനൻസ് ഗ്രാന്റിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് 3 മീറ്റർ വീതിയിൽ 214 മീറ്റർ നീളത്തിലാണ് ടാറിങ് നടത്തിയത്. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന അവസ്ഥ ആയിരുന്നു.