play-sharp-fill
മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ നവാസിന് നാട്ടുകാരുടെ മർദ്ദനമേറ്റു; ശരീരത്തിൽ പരിക്കുകൾ: നാട്ടുകാർക്കെതിരെയും കേസെടുത്തേയ്ക്കും

മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ നവാസിന് നാട്ടുകാരുടെ മർദ്ദനമേറ്റു; ശരീരത്തിൽ പരിക്കുകൾ: നാട്ടുകാർക്കെതിരെയും കേസെടുത്തേയ്ക്കും

സ്വന്തം ലേഖകൻ

കോട്ടയം : മണർകാട് പൊലീസ് ലോക്കപ്പിൽ ജീവനൊടുക്കിയ നവാസിന് നാട്ടുകാരുടെ മർദ്ദനം ഏറ്റിരുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ വിശദീകരണം. മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ നവാസിനെ നാട്ടുകാർ ചേർന്ന് പിടികൂടി തടഞ്ഞ് വച്ച ശേഷമാണ് പൊലീസിന് കൈ മാറിയത്. ഈ സാഹചര്യത്തിൽ നവാസിനെ മർദിച്ച നാട്ടുകാർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്ന കാര്യം പൊലീസ് ആലോചിക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രിയിൽ നവാസ് മദ്യ ലഹരിയിൽ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയതോടെ നവാസ് മറ്റൊരിടത്തേയ്ക്ക് ഓടി രക്ഷപെടുകയായിരുന്നു. പൊലീസ് പോയതിന് പിന്നാലെ നവാസ് വീണ്ടും വീട്ടിൽ മടങ്ങിയെത്തി. തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ നാട്ടുകാർ വീണ്ടും പൊലീസിനെ വിളിച്ചു. പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ നാട്ടുകാർ നവാസിനെ പിടികൂടി തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നവാസിനെ കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധയ്ക്ക് ശേഷം സ്റ്റേഷനിൽ സൂക്ഷിച്ചു.
പക്ഷേ , പിറ്റേന്ന് രാവിലെ നവാസ് തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി സിഐ പരിശീലന ക്ലാസ് നടത്തിയിരുന്നു. പാറാവുകാരൻ ഒഴികെയുള്ള ഉദ്യോഗസ്ഥർ എല്ലാം ഈ സമയം ക്ലാസിലായിരുന്നു. ഇതിനിടെയാണ് പ്രതി ജീവനൊടുക്കിയത്. നാട്ടുകാർ മർദിച്ചതിലും പൊലീസ് പിടികൂടിയതിലുമുള്ള മനോവിഷമം മൂലമാണ് നവാസ് ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിലാണ് നാട്ടുകാർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയേക്കും എന്ന സൂചന ലഭിക്കുന്നത്.