video
play-sharp-fill

കേരള ലോട്ടറി വില 50 രൂപയാക്കുന്നു: ചില ടിക്കറ്റുകളടെ പേര് മാറും: സമ്മാന ഘടനയിൽ മാറ്റം: ഈ മാസാവസാനം പരിഷ്കാരം നടപ്പിലാക്കും.

കേരള ലോട്ടറി വില 50 രൂപയാക്കുന്നു: ചില ടിക്കറ്റുകളടെ പേര് മാറും: സമ്മാന ഘടനയിൽ മാറ്റം: ഈ മാസാവസാനം പരിഷ്കാരം നടപ്പിലാക്കും.

Spread the love

തിരുവനന്തപുരം: കേരള ലോട്ടറികളുടെ പേര് മാറ്റാനൊരുങ്ങി ലോട്ടറി വകുപ്പ്. പേര് മാത്രമല്ല സമ്മാന ഘടനയിലും മാറ്റം വരുത്തുന്നുണ്ട്.
കേരള ഭാഗ്യക്കുറിയില്‍ നിലവില്‍ വില്‍ക്കുന്ന അക്ഷയ, വിന്‍-വിന്‍, ഫിഫ്റ്റി-ഫിഫ്റ്റി, നിര്‍മല്‍ എന്നീ ലോട്ടറികളുടെ പേരാണ് മാറ്റുന്നത്. ഇനി മുതല്‍ സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവര്‍ണകേരളം എന്നിങ്ങനെയായിരിക്കും ഈ ലോട്ടറികളുടെ പേരുകള്‍.

നാല് ടിക്കറ്റുകളുടേയും ഒന്നാം സമ്മാനം ഒരു കോടി രൂപയാക്കി പരിഷ്‌കരിച്ചിട്ടുണ്ട്. രണ്ടാം സമ്മാനം പരമാവധി 10 ലക്ഷം രൂപ വരെയാണ് നല്‍കിയിരുന്നത്. ഇത് 50 ലക്ഷം രൂപ വരെയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയായിരുന്നത് അഞ്ച് മുതല്‍ 25 ലക്ഷം രൂപ വരെയായും വര്‍ധിപ്പിച്ചു.

ഒന്നും രണ്ടും മൂന്നും സമ്മാനം ഒന്ന് വീതവും നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 12 പേര്‍ക്കുമായും ലഭിക്കുന്ന തരത്തിലാണ് സമ്മാന ഘടന പരിഷ്‌കരിച്ചിരിക്കുന്നത്.
അവസാന നാലക്കത്തിന് നല്‍കുന്ന ഏറ്റവും വലിയ സമ്മാനത്തുക 5000 രൂപയാണ്. ഇതിന്റെ എണ്ണം 23-ല്‍ നിന്ന് 18 ആക്കി കുറച്ചിട്ടുണ്ട്. അതേസമയം, അതില്‍ താഴെയുള്ളവയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്തു. 1000 രൂപയുടേത് 36 തവണ നറുക്കെടുക്കും. 38880 പേര്‍ക്ക് സമ്മാനം കിട്ടുന്ന തരത്തിലാണ് ഇത് പരിഷ്‌കരിച്ചിരിക്കുന്നത്. നേരത്തേ 24 മുതല്‍ 26 വരെയായിരുന്നു നറുക്കെടുപ്പിന്റെ എണ്ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

500 രൂപയുടേത് 72 നറുക്കെടുത്തിരുന്നത് 96 ആയി വര്‍ധിപ്പിക്കുന്നതോടെ 1,03,680 പേര്‍ക്ക് സമ്മാനം കിട്ടും. 100 രൂപയുടെ നറുക്കെടുപ്പ് 124-ല്‍നിന്ന് 204 ആയി വര്‍ധിപ്പിച്ചു. ഇതോടെ 2,20,320 ടിക്കറ്റുകള്‍ക്ക് സമ്മാനം കിട്ടും. പുതുതായി വന്ന 50 രൂപയില്‍ 252 നറുക്കെടുപ്പ് ആണ് നടക്കുക. സമ്മാനം 2,72,160 പേര്‍ക്ക് കിട്ടുന്ന തരത്തിലാണ് പരിഷ്‌കരിച്ചിരിക്കുന്നത്. ടിക്കറ്റ് വില 40 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിച്ചു.

അതേസയം മിനിമം സമ്മാനത്തുക 100 രൂപയില്‍ നിന്ന് 50 രൂപയാക്കി കുറയ്ക്കുകയും ചെയ്തു. പുതിയ പരിഷ്‌കാരം ഈ മാസം അവസാനത്തോടെ നടപ്പാകും എന്നാണ് അറിയാന്‍ കഴിയുന്നത്. മൂന്ന് ലക്ഷം സമ്മാനങ്ങളാണ് ഇതുവരെ നല്‍കിയിരുന്നതെങ്കില്‍ അത് 6.54 ലക്ഷമാക്കിയാക്കി വര്‍ധിപ്പിച്ചു. പ്രതിദിനം 1.08 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ആകെ 24.12 കോടി രൂപയാണ് സമ്മാനയിനത്തില്‍ വിതരണം ചെയ്യുന്നത്.