
ഒരാഴ്ച മുമ്പെത്തി കേരള ബാങ്ക് വീട് ജപ്തി ചെയ്തു; പിന്നീട് വീടിന്റെ തിണ്ണയിൽ കഴിഞ്ഞിരുന്ന യുവാവിനെ വീടിനോട് ചേർന്ന ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി; പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടികൾ
ആലപ്പുഴ: ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ (38) ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ജപ്തിയ്ക്ക് ശേഷം വീടിന്റെ തിണ്ണയിലാണ് യുവാവ് കഴിഞ്ഞിരുന്നതെന്ന് അച്ഛൻ അനിൽ പറഞ്ഞു. ജപ്തിക്ക് ശേഷം മകൻ വലിയ മനോവിഷമത്തിലായിരുന്നു എന്നും അനിൽ പറഞ്ഞു. മാർച്ച് 30ന് വീട് ജപ്തി ചെയ്യുമെന്നാണ് കേരള ബാങ്ക് അറിയിച്ചിരുന്നത്.
എന്നാൽ, പറഞ്ഞതിലും ഒരാഴ്ച മുമ്പെത്തി ബാങ്ക് വീട് ജപ്തി ചെയ്തു. അവശ്യ സാധനങ്ങൾ ഒന്നും എടുക്കാൻ സമ്മതിച്ചില്ലെന്നും അനിൽ ആരോപിച്ചു. ജപ്തി നോട്ടീസ് ലഭിച്ചപ്പോൾ തന്നെ വായ്പാ തിരിച്ചടവിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നുവെന്നും പ്രഭുലാലിൻ്റെ കുടുംബം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു പ്രഭുലാൽ. ജോലിക്കിടയിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. കേരളബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 2018 ലാണ് മൂന്ന് ലക്ഷം രൂപ പ്രഭുലാൽ വായ്പ എടുത്തത്. 8000 രൂപയായിരുന്നു മാസത്തവണ.