video
play-sharp-fill

സെൽഫി എടുക്കാനായി വാഹനം നിർത്തവേ കണ്ടത് വലിയ ശബ്ദത്തോടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുന്ന ഓട്ടോറിക്ഷ; ഉടൻ പുഴയിലേക്ക് എടുത്തു ചാടി രക്ഷാപ്രവർത്തനം; മരണത്തെ മുഖാമുഖം കണ്ട കുട്ടികൾ ഉൾപ്പെടുന്ന ഏഴം​ഗ കുടുബത്തിന് രക്ഷകരായത് പൊലീസുകാർ

സെൽഫി എടുക്കാനായി വാഹനം നിർത്തവേ കണ്ടത് വലിയ ശബ്ദത്തോടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുന്ന ഓട്ടോറിക്ഷ; ഉടൻ പുഴയിലേക്ക് എടുത്തു ചാടി രക്ഷാപ്രവർത്തനം; മരണത്തെ മുഖാമുഖം കണ്ട കുട്ടികൾ ഉൾപ്പെടുന്ന ഏഴം​ഗ കുടുബത്തിന് രക്ഷകരായത് പൊലീസുകാർ

Spread the love

പുതുക്കാട്: തൃശ്ശൂർ പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എറവക്കാട് ഭാഗത്ത് ഓടൻ ചിറ ഷട്ടറിന് സമീപം മണലിപ്പുഴയിൽ ഓട്ടോ വീണുണ്ടായ അപകടത്തിൽ ഏഴംഗ കുടുംബത്തിന് രക്ഷകരായി പൊലീസുകാർ. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

നിയന്ത്രണം വിട്ട് പുഴയിൽ മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരായ ഏഴംഗ കുടുംബത്തെയാണ് യാൃശ്ചികമായി അതുവഴി ഡ്യൂട്ടി കഴിഞ്ഞ് വന്നിരുന്ന പൊലീസുദ്യോഗസ്ഥർ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റിയത്. ചിറ്റിശ്ശേരി സ്വദേശി കുരുതുകുളങ്ങര വീട്ടിൽ വിനു ഓടിച്ചിരുന്ന ഓട്ടോയാണ് പുഴയിൽ വീണത്.

ചേർപ്പ് ഊരകം ഭാഗത്ത് നിന്ന് ചിറ്റിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു ബിനുവും കുടുംബവും. ബിനു, ഭാര്യ രേഷ്മ, രേഷ്മയുടെ അമ്മ അജിത, ബിനുവിന്റെ 10 വയസിൽ താഴയുള്ള 4 കുട്ടികൾ എന്നിവർ യാത്ര ചെയ്തു വന്നിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മണലി പുഴയിലേക്ക് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്താണ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ മടവാക്കര സ്വദേശി ഷാബു എം.എം, ചിറ്റിശ്ശേരി സ്വദേശിയായ ശരത്ത്.എൻ.സി എന്നിവർ ജോലി കഴിഞ്ഞ് പാഴായി ഭാഗത്ത് നിന്ന് ഓടൻ ചിറ ഷട്ടറിനു മുകളിലൂടെ ക്രോസ് ചെയ്ത് എറക്കാടേക്ക് വന്നത്. ഒരു സെൽഫി എടുക്കാനായി വാഹനം നിർത്തവേയാണ് ഓട്ടോറിക്ഷ വലിയ ശബ്ദത്തോടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുന്നതും പിന്നാലെ നിലവിളി കേട്ടതും.

സംഭവം കണ്ട് ഇവർ ബൈക്ക് നിർത്തി അവിടേക്ക് ചെന്നപ്പോൾ ഓട്ടോറിക്ഷ മുഴുവനായും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. പൊലീസ് ഉദ്യഗസ്ഥനായ ശരത്തിനെ കരയ്ക്ക് നിർത്തി സഹപ്രവർത്തകൻ ഷാബു ഉടനെ പുഴയിലേക്ക് എടുത്തു ചാടി.

പുഴയ്ക്കരികിലായി മുങ്ങിപ്പോയ നിലയിലും കരിങ്കൽ കൂട്ടത്തിൽ തടഞ്ഞു നിൽക്കുകയുമായിരുന്ന നാല് കുട്ടികളെയും ഷാബു എടുത്തുയർത്തുകയും ശരത്ത് ഇവരെ കരയിലേക്ക് പിടിച്ചു കയറ്റി രക്ഷപ്പെടുകയുമായിരുന്നു. ആ സമയം അതു വഴി പോയ ഒരു നാട്ടുകാരനും പുഴയിലേക്ക് എടുത്തു ചാടി രക്ഷാപ്രവർത്തനത്തിന് സഹായിച്ചു.

തുടർന്ന് നാട്ടുകാരായ മറ്റ് രണ്ട് പേരുടെ സഹായത്തോടെ ബിനുവിനെയും ഭാര്യയേയും ഭാര്യാമാതാവിനെയും വെള്ളത്തിൽ നിന്ന് എടുത്തുയർത്തി കരക്കു കയറ്റുകയായിരുന്നു. വെള്ളത്തിൽ വീണവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വാഹനത്തിൽ കയറ്റി വിട്ടതിന് ശേഷമാണ് ഷാബുവും ശരത്തും സ്ഥലത്ത് നിന്ന് മടങ്ങിയത്. തലക്ക് പരിക്ക് പറ്റിയ രേഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.