
ടോക്യോ: ജപ്പാനിൽ അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യത പ്രവചിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് സർക്കാർ. ജപ്പാന്റെ പസഫിക് തീരത്തെ നൻകായി ട്രഫിലുണ്ടായേക്കാവുന്ന ഈ അതിതീവ്ര ഭൂചലനം സുനാമിക്കും വഴിതെളിച്ചേക്കും.
നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നേക്കാമെന്നും മൂന്നുലക്ഷത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കാമെന്നും വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് ഭൂചലനഭീഷണി ഏറ്റവും അധികം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ.
നൻകായി ട്രഫ് എന്നറിയപ്പെടുന്ന മേഖലയിൽ റിക്ടർ സ്കെയിലിൽ എട്ട് മുതൽ ഒൻപതുവരെ തീവ്രത അനുഭവപ്പെട്ടേക്കാവുന്ന ഭൂചലനത്തിന് എൺപതുശതമാനം സാധ്യതയുണ്ടെന്നാണ് ജപ്പാൻ സർക്കാർ വിലയിരുത്തിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ് പസഫിക് തീരത്ത് 900 കിലോമീറ്റർ വിസ്തൃതിയിലാണ് നൻകായി ട്രഫ് സ്ഥിതി ചെയ്യുന്നത്. ഫിലിപ്പീൻസ് സമുദ്ര ഫലകത്തിന്റെയും യുറേഷ്യൻ ഫലകത്തിന്റെയും ചലനങ്ങളാണ് ഈ മേഖലയെ അതിതീവ്ര ഭൂചലനത്തിന് സാധ്യതയുള്ള പ്രദേശമാക്കി മാറ്റുന്നത്.
നൂറുമുതൽ 150 കൊല്ലത്തിനിടയ്ക്ക് ഒരിക്കൽ ഇവിടെ ഭൂചലനം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2024 ഓഗസ്റ്റ് മാസത്തിലാണ് അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിനുള്ള മുന്നറിയിപ്പ് ജപ്പാൻ ആദ്യമായി പ്രവചിക്കുന്നത്. തീവ്രത ഒൻപതോ അതിലധികമോ ആയ ഭൂചലനങ്ങളെയാണ് മെഗാക്വാക്ക് അല്ലെങ്കിൽ അതിതീവ്ര സംഹാരശേഷിയുള്ളവ എന്ന് വിളിക്കുന്നത്.
ഇത്തരമൊരു ഭൂചലനമുണ്ടായാൽ, ജപ്പാന്റെ സമ്പദ് വ്യസ്ഥയ്ക്ക് 1.81 ട്രില്യൻ ഡോളറിന്റെ നഷ്ടമുണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തീവ്രത ഒൻപത് രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാകുന്ന പക്ഷം പത്തുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യവും ഉണ്ടാകും. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുമിത്.
തണുപ്പുകാലത്ത് രാത്രി വൈകിയാണ് അതിതീവ്ര ഭൂചലനമുണ്ടാകുന്നതെങ്കിൽ സുനാമിയെയും കെട്ടിടങ്ങൾ തകർന്നുവീഴുന്നതിനെയും തുടർന്ന് 2,98,000 പേർക്കെങ്കിലും ജീവൻ നഷ്ടമായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2024ൽ തെക്കൻ ജപ്പാനിലുണ്ടായ 7.1 തീവ്രതയുണ്ടായിരുന്ന ഭൂചലനത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായിരുന്നു.