video
play-sharp-fill

മികച്ച ബൗളിംഗിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നടുവൊടിച്ച് അശ്വിനി കുമാര്‍; ഐപിഎല്‍ അരങ്ങേറ്റത്തില്‍ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

മികച്ച ബൗളിംഗിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നടുവൊടിച്ച് അശ്വിനി കുമാര്‍; ഐപിഎല്‍ അരങ്ങേറ്റത്തില്‍ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

Spread the love

മുംബൈ: ഐപിഎല്‍ അരങ്ങേറ്റത്തില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് മുംബൈ ഇന്ത്യൻസിന്‍റെ ഇടം കൈയന്‍ പേസര്‍ അശ്വിനി കുമാര്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ മുംബൈ കുപ്പായത്തില്‍ അരങ്ങേറിയ അശ്വിനി കുമാര്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെയെ വീഴ്ത്തിയാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്.

പിന്നാലെ റിങ്കു സിംഗിനെയും മനീഷ് പാണ്ഡെയെയും ആന്ദ്രെ റസലിനെയും കൂടി പുറത്താക്കി കൊല്‍ക്കത്തയുടെ നടുവൊടിച്ചു. മൂന്നോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അശ്വിനി കുമാര്‍ ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തുന്ന ഇന്ത്യൻ ബൗളറായി.

2009ൽ രാജസ്ഥാന്‍ റോയല്‍സിനായി ഒമ്പത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അമിത് സിംഗിന്‍റെ റെക്കോര്‍ഡാണ് അശ്വിനി കുമാര്‍ മറികടന്നത്. അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് തികയ്ക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും കൊല്‍ക്കത്ത 16.2 ഓവറില്‍ ഓള്‍ ഔട്ടായതിനാല്‍ അശ്വിനി കമാറിന് തന്‍റെ നാലാം ഓവര്‍ എറിയാനായിരുന്നില്ല. ഐപിഎല്ലില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനായതും അശ്വിനിയുടെ നേട്ടത്തിന്‍റെ മാറ്റ് കൂട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റടുത്ത ബൗളറെന്ന റെക്കോര്‍ഡ് ഒരു വിദേശതാരത്തിന്‍റെ പേരിലാണ്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈക്കായി 12 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫാണ് ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ബൗളര്‍. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സിനെതിര ഗുജറാത്ത് ലയണ്‍സിനായി അരങ്ങേറ്റത്തില്‍ 17 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ആന്‍ഡ്ര്യു ടൈയുടെ പേരിലാണ് അരങ്ങേറ്റ മത്സരത്തിലെ മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 11 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഷുഹൈബ് അക്തറിന്‍റേതാണ് ഐപിഎല്ലിലെ മൂന്നാമത്തെ മികച്ച അരങ്ങേറ്റ ബൗളിംഗ് പ്രകടനം. ഇന്നലെ മുംബൈക്കെതിരെ അശ്വിനി നടത്തിയത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ മികച്ച നാലാമത്തെ മികച്ച അരങ്ങേറ്റ ബൗളിംഗ് പ്രകടനം കൂടിയാണ്.

ഈ സീസണില്‍ അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് അശ്വിനി കുമാറിനെ മുംബൈ ടീമിലെത്തിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരത്തില്‍ അരങ്ങേറിയ മലയാളി താരം വിഘ്നേഷ് പുത്തൂര്‍ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.